ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആഘോഷിച്ചു

June 30, 2020

ന്യൂഡൽഹി:ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം സ്ഥാപിക്കുന്നതിനു നൽകിയ വിലമതിക്കാനാവാത്ത സംഭാവകളെ മാനിച്ച്‌ ജൂൺ 29 ന് പ്രൊഫ. പി സി മഹലനോബിസിന്റെ ജന്മവാർഷികദിനത്തിൽ എല്ലാ വർഷവും ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആഘോഷിക്കുന്നു. ഈ വർഷം കോവിഡ് മഹാമാരി മൂലം സ്റ്റാറ്റിസ്റ്റിക്‌സ് ദിനം വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ ആഘോഷിച്ചത്‌. വിവിധ സമൂഹ മാധ്യമങ്ങൾ വഴി ഇത് തത്സമയം ദേശീയ-അന്താരാഷ്‌ട്ര തലത്തിൽ സംപ്രേഷണം ചെയ്തു. 2020 ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തിന്റെ പ്രമേയം സുസ്ഥിര വികസന ലക്ഷ്യങ്ങൾ മൂന്നും അഞ്ചുമാണ്. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക, എല്ലാ പ്രായത്തിലുമുള്ളവരുടെയും ക്ഷേമം ഉറപ്പാക്കുക എന്നതാണ് സുസ്ഥിര വികസന ലക്‌ഷ്യം -3 അഥവാ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾ- 3 (എസ് ഡി ജി-3). ലിംഗസമത്വം കൈവരിക്കുകയും സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് സുസ്ഥിര വികസന ലക്‌ഷ്യം -5 അഥവാ എസ് ഡി ജി – 5. 2020 ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ റാവു ഇന്ദർജിത് സിംഗ് അഭിസംബോധന ചെയ്‌തു. വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്രസംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളും വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. പ്രൊഫ. പി സി മഹലനോബിസ് സ്‌മാരക ദേശീയ അവാർഡ്, റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. ചക്രവർത്തി രംഗരാജന് സമ്മാനിച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനത്തിനു നൽകിയ സുപ്രധാന സംഭാവകളെ മാനിച്ചാണ്‌ അദ്ദേഹത്തിനു പുരസ്കാരം നൽകിയത്‌. സ്റ്റാറ്റിസ്റ്റിക്‌സ്‌ മേഖലയിലെ സംഭാവനകൾ പരിഗണിച്ച്‌ ഐസി‌എം‌ആർ, നിംസ് മുൻ ഡയറക്ടർ ഡോ. അരവിന്ദ് പാണ്ഡെ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ മുൻ അഡീഷനൽ ഡയറക്ടർ ജനറൽ ഡോ. അഖിലേഷ് ചന്ദ്ര കുൽശ്രേഷ്ഠ എന്നിവർക്ക്‌ സംയുക്തമായി 2020 ലെ പ്രൊഫസർ പി വി സുകാത്മ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് അവാർഡ് സമ്മാനിച്ചു. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ട വിഷയത്തിലെ തൽസമയ പ്രബന്ധ രചനാ മത്സരത്തിലെ വിജയികളെയും അനുമോദിച്ചു.സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കൈവരിച്ച പുരോഗതി സംബന്ധിച്ച ദേശീയ സൂചകത്തിന്റെ ചട്ടക്കൂട് എന്ന് വിശേഷിപ്പിക്കാവുന്ന എൻഐഎഫ് (നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക്) – പ്രോഗ്രസ് റിപ്പോർട്ടിന്റെ 2020 ലെ പരിഷ്കരിച്ച പതിപ്പ് (2.1) പരിപാടിയിൽ പുറത്തിറക്കി. റിപ്പോർട്ടിനൊപ്പം, പുതുക്കിയ എൻഐഎഫ്‌, എസ്‌ഡിജി‌ കൈപ്പുസ്തകം എന്നിവയും പുറത്തിറക്കി.