ഇടുക്കി: കോണ്‍ഗ്രസ് നേതാവും പാമ്പാടുംപാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റു മായിരുന്ന ശ്രീമന്ദിരം ശശികുമാറിന്റെ മരണകാരണം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട്. കെപി കോളനി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.വികെ പ്രശാന്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്.
ശ്രീമന്ദിരം ശശികുമാര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിക്ക് ശ്രീമന്ദിരത്തിന് ന്യൂമോണിയാ ബാധ കണ്ടെത്തി തുടക്കത്തില്‍ മരുന്ന് നല്കാന് കഴിയാഞ്ഞതാണ് മരണകാരണമന്നാണ് കണ്ടെത്തല്‍. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ട് ലാബ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നെടുംകണ്ടം പോലീസിലും ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ക്കും പാമ്പാടുംപാറ പഞ്ചായത്തിനും മെഡിക്കല്‍ ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.

