തിരുവനന്തപുരം ഏപ്രിൽ 2: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാൻ ധനമന്ത്രി തോമസ് ഐസക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവരോട് തെലുങ്കാനയുടെയും ആന്ധ്രയുടെയും രാജസ്ഥാന്റയുമൊക്കെ കാര്യം പറഞ്ഞ് വരുതിയിലാക്കാമെന്ന മോഹമാണ് മന്ത്രിയുടെ വാക്കുകളിലുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ധനമന്ത്രിയുടെ സാമ്പത്തിക മാനേജ്മെന്റ് പരാജയപ്പെട്ടതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണം. സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്രം ഒന്നും തരുന്നില്ലന്നും വായ്പാ പരിധികൂട്ടുന്നില്ലന്നുമൊക്കെ പറയുകയാണദ്ദേഹം. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ ആരോഗ്യമേഖലയ്ക്കു മാത്രമായി കേന്ദ്ര സർക്കാർ പതിനയ്യായിരം കോടിയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഇതു കൂടാതെയാണ് ഒന്നേമുക്കാൽ ലക്ഷം കോടിയുടെ സമഗ്ര പാക്കേജ്. പ്രതിസന്ധിക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളെയും മുന്നിൽ കണ്ടു നടപ്പാക്കുന്ന കേന്ദ്ര പാക്കേജിനെ എല്ലാവരും സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നാൽ തോമസ് ഐസക്കിന് പാക്കേജ് ഒന്നും വേണ്ട , പണം ഞങ്ങളുടെ കയ്യിൽ തന്നാൽ മതി, ഞങ്ങൾ ചെലവാക്കി കൊള്ളാം എന്ന നിലപാടാണ് ഉള്ളത്.
പ്രളയകാലത്ത് കേന്ദ്രം അനുവദിച്ചതും സാധാരണക്കാർ വരെ മനസറിഞ്ഞു തന്നതും എല്ലാം വകമാറ്റുകയും ധൂർത്തടിക്കുകയുമാണ് ചെയ്തത്. ഐസക്കിന്റെ പാർട്ടിക്കാർ തന്നെ പ്രളയ ദുരിതാശ്വാസ ഫണ്ട് ലക്ഷങ്ങൾ വെട്ടിച്ചു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട അർഹതപ്പെട്ടവർക്ക് സഹായം നൽകിയില്ലന്ന് മാത്രമല്ല, സിപിഎം നേതാക്കൾക്കും സർക്കാരിനും ധൂർത്തടിക്കാനും ആ പണം ഉപയോഗിച്ചു.
സമാന സംഭവങ്ങളാണ് കൊറോണക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കമ്യൂണിറ്റി അടുക്കളയെന്നും സന്നദ്ധ സേനയെന്നുമുള്ള സമ്പ്രദായങ്ങൾ വഴി സിപിഎമ്മുകാർക്ക് യഥേഷ്ടം വിഹരിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
കൊറോണ കാലത്ത് സംഭരിക്കപ്പെടുന്ന പണം ശരിയായ രീതിയിൽ വിനിയോഗിക്കുമെന്ന് ഉറപ്പുനൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി അവരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പ്രതിസന്ധി മറികടക്കേണ്ടത് ജീവനക്കാർക്കും സർക്കാരിനും ഇടയിൽ പരസ്പര വിശ്വാസം വളർത്തിയാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.