സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ) രാജ്യത്തൊട്ടാകെയുള്ള അടല്‍ ടിങ്കറിംഗ് ലാബുകളില്‍ നൂറെണ്ണം ദത്തെടുക്കും. ഇന്ന് നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ അടല്‍ ഇന്നൊവേഷന് മിഷനും, നിതി ആയോഗും, ഐ.എസ്.ആര്.ഒ യും പ്രഖ്യാപിച്ചതാണിത്. ബഹിരാകാശ രംഗത്തെ പ്രതിഭകളില്‍ നിന്ന് നേരിട്ട് അറിവ് ലഭ്യമാക്കുന്ന ഈ പദ്ധതി വളര്‍ന്നു വരുന്ന ബഹിരാകാശ ഗവേഷകര്‍ക്കും, ബഹിരാകാശ യാത്രികര്‍ക്കും വമ്പിച്ച അവസരമാണ് ഒരുക്കുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത നിതി ആയോഗ് വൈസ് ചെയര്മാന് ഡോ. രാജീവ് കുമാര്‍ പറഞ്ഞു.
ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, നൂതനാശയങ്ങളെക്കുറിച്ച് അറിവു പകരുന്ന തിനും ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞരും, എഞ്ചിനീയര്‍മാരും കുട്ടികളുമായും, അധ്യാപകരുമായും ആശയവിനിമയം നടത്തുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ.ശിവന് പറഞ്ഞു. ഇത്തരം അടല്‍ ടിങ്കറിംഗ് ലാബുകളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള റോക്കറ്റ് വിക്ഷേപണം നേരില്‍ക്കാണാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആറാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള മൂന്ന് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കായി നിതി ആയോഗ് രാജ്യത്തെമ്പാടും ഏഴായിരത്തോളം അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്.