കൊച്ചി: 2021 ജനുവരി 1 മുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലൂടെയും ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമേ കടന്നുപോകാന്‍ കഴിയുളളുവെന്ന് വ്യക്തമാക്കി അധികൃതര്‍. ദേശീയ പാത 544 ലെ പാലിയേക്കര ടോള്‍പ്ലാസയിലും ജനുവരി 1 മുതല്‍ കേന്ദ്രസര്‍ക്കാരിന്‍റെ വിജ്ഞാപനം പ്രാബല്ല്യത്തില്‍ വരുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ ടോള്‍ പ്ലാസക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശ വാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുളള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ ലഭ്യമാക്കും. എന്നാല്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുളള സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം പുതിയ വിജ്ഞാപനം പ്രാബല്ല്യത്തില്‍ വരുന്നതോടെ പ്രവര്‍ത്തന രഹിതമാവും. അതിനാല്‍ നിലവിലുളള കാര്‍ഡ് കൈവശമുളള തദ്ദേശവാസികള്‍ സ്വന്തം ഉടമസ്ഥതയിലുളള വാഹനം, അതേവാഹനത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്, ആര്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, പഞ്ചായത്തില്‍ നിന്നുളള റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, നമ്പര്‍ വ്യക്തമാകുന്ന തരത്തിലുളള വാഹനത്തിന്‍റെ ഫോട്ടോ എന്നീ രേഖകളുമായി ടോള്‍ പ്ലാസയിലോ ടോള്‍ അധികൃതര്‍ പറയുന്ന സ്ഥലത്തോ എത്തിയാല്‍ അവര്‍ക്ക് നിലവിലുളള സ്മാര്‍ട്ട് കാര്‍ഡ് മാറ്റി ഫാസ് ടാഗ് ഒട്ടിച്ചു നല്‍കും ഇതോടെ സമീപവാസികള്‍ക്കുളള സൗജന്യ യാത്ര തുടരാന്‍ കഴിയും.
സൗജന്യ യാത്രയുടെ തുക സര്‍ക്കാരാണ് കൈമാറേണ്ടതെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2012 ജനുവരി മുതല്‍ 2020 സെപ്തംബര്‍വരെ തദ്ദേശീയര്‍ക്ക് സൗജന്യയാത്ര അനുവദിച്ച ഇനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുുളള 125 കോടി രൂപ ജിഐപിഎല്‍ ന് ഉടന്‍ കൈമാറുമെന്ന പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

