കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കായിക മത്സരങ്ങള്‍ നടത്താമെന്ന് കേന്ദ്രം, മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കായിക മത്സരങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്ര കായിക മന്ത്രാലയത്തിൻ്റെ മാര്‍ഗ്ഗരേഖ പുറത്തിറക്കി. 50 ശതമാനം ആളുകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാം. മത്സരം ആരംഭിക്കുന്നതിന് 72 മണിക്കൂറിന് ഉള്ളില്‍ കായിക താരങ്ങള്‍ക്ക് ആര്‍ ടി – പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കായിക മത്സരത്തിന്റെ വലുപ്പവും രോഗ വ്യാപന സാധ്യതയും കണക്കിലെടുത്താണിത്.
ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാവൂ എന്നാണ് മാര്‍ഗ്ഗരേഖയിലെ നിര്‍ദേശം.

കണ്ടൈന്‍മെന്റ് സോണില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കരുത് എന്നും നിർദ്ദേശമുണ്ട്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്ന കായിക താരങ്ങളെയും അവരോട് ഒപ്പമുള്ളവരെയും നിരീക്ഷിക്കുന്നതിന് കോവിഡ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കായിക താരം ഉള്‍പ്പടെ എല്ലാവർക്കും തെര്‍മല്‍ പരിശോധന നിര്‍ബന്ധമായിരിക്കും.

കായിക താരത്തിന്റെ യാത്ര ഉള്‍പ്പടെയുള്ള കാര്യങ്ങൾ ടാസ്‌ക് ഫോര്‍സ് നിരീക്ഷിക്കണം. സ്റ്റേഡിയത്തിനുള്ളില്‍ മാസ്‌കുകള്‍ നിര്‍ബന്ധം. സാമൂഹിക അകലം, കഴിവതും ആറടി അകലം ഉറപ്പാക്കണം . സ്റ്റേഡിയത്തില്‍ തിരക്ക് ഒഴിവാക്കണം. തിരക്ക് നിരീക്ഷിക്കാനായി സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം. ശുചി മുറികളുള്‍പ്പെടെ എല്ലായിടങ്ങളും കൃത്യമായ ഇടവേളകളില്‍ അണുമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര ആരോഗ്യ മന്ത്രാലയങ്ങള്‍ പുറത്ത് ഇറക്കുന്ന പൊതു നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം മത്സരങ്ങള്‍.
എന്നാൽ സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി ഉണ്ടെങ്കില്‍ മാത്രമേ മത്സരങ്ങള്‍ നടത്താന്‍ കഴിയു എന്നും കേന്ദ്ര കായിക മന്ത്രാലയം പുറത്ത് ഇറക്കിയ മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബാധകമായിരിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →