മള്‍ഡോവ: മള്‍ഡോവയുടെ റഷ്യന്‍ അനുകൂല പ്രധാനമന്ത്രി അയോണ്‍ ചിഷു രാജിവച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മിയ സാന്‍ഡു പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുഹൃത്താണ്. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരുന്നത് ഭരണ അട്ടിമറിയിലേക്ക് എത്തിക്കാനുള്ള സാധ്യത കണ്ടാണ് രാജി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ചിഷു സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭവും രാജ്യത്ത് ആരംഭിച്ചിരുന്നു.മിയ സാന്‍ഡു അധികാരമേല്‍ക്കുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹം രാജി നല്‍കിയത്. മള്‍ഡോവയുടെ 14ാമത് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
2019 നവംബറിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. റഷ്യന്‍ അനുകൂലിയായ മുന്‍ പ്രസിഡന്റ് ഇഗോര്‍ ഡോഡോണിന്റെ അടുത്ത സുഹൃത്തായ ചിഷു പ്രസിഡന്റ് സ്ഥാനം മാറിയതോടെയാണ് രാജി പ്രഖ്യാപിച്ചത്. 101 അംഗ സഭയില്‍ 51 പേരുടെ അംഗബലത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി തുടര്‍ന്നത്. യൂറോപ്യന്‍ യൂനിയനുമായുള്ള അടുത്ത സഹകരണത്തിലേക്ക് മള്‍ഡോവ ചായുന്നുവെന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര സമൂഹം സാന്‍ഡുവിന്റെ വിജയത്തെ കാണുന്നത്. യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് മോള്‍ഡോവ.

