2050ല്‍ ചൂട് 60 ഡിഗ്രിയിലെത്തും: ഫ്‌ലോറിഡ അപ്രത്യക്ഷമാവുകയും സ്‌പെയിന്‍ മരുഭൂമിയായി മാറുകയും ചെയ്യുമെന്ന് ലോകസാമ്പത്തിക ഫോറം

ന്യൂയോര്‍ക്ക്: വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന ദശകങ്ങളില്‍ മനുഷ്യരാശി നേരിടുക അസഹനീയമായ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ലോകസാമ്പത്തിക ഫോറം. 2050ല്‍ ചൂട് 60 ഡിഗ്രി സെല്‍ഷ്യസായിരിക്കും നേരിടേണ്ടി വരിക. ഹരിതഗൃഹ വാതക പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം ഒരു പുതിയ ഉയരത്തിലെത്തി. ഇത് ശരാശരി 3 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരാന്‍ കാരണമായി. ഈ കണക്ക് അടിസ്ഥാനമാക്കിയാല്‍ 2020 ഇതുവരെയുള്ളതിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കുമെന്നും ഫോറത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ചൂട്, തണുത്ത തിരമാലകള്‍, തീവ്രമായ മഴ, പ്രാദേശിക വരള്‍ച്ച എന്നി കാലാവസ്ഥാ മാറ്റങ്ങളും വര്‍ധിച്ച് വരികയാണ്.

കാലാവസ്ഥ പ്രശ്‌നങ്ങള്‍ കൊണ്ട് വരാനിരിക്കുന്ന ദശകങ്ങളില്‍ ഭൂമിയിലൂണ്ടാവുന്ന നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന വിവരങ്ങളും വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ടു. 2030കളില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അസുഖങ്ങള്‍ പ്രതിവര്‍ഷം 250,000 ആളുകളുടെ ജീവനെടുക്കുമെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.പ്രവചനമനുസരിച്ച്, ആഗോള ജനസംഖ്യയുടെ എട്ട് ശതമാനം വരെ ജലലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാകും. വന്‍തോതിലുള്ള കുടിയേറ്റത്തിന് കാരണമായ ബംഗ്ലാദേശ്, വിയറ്റ്‌നാം, തായ്ലന്‍ഡ് എന്നിവ വെള്ളപ്പൊക്ക ഭീഷണി നേരിടും.2050 കളില്‍ താപനില 60 ഡിഗ്രി സെല്‍ഷ്യസും 2100 കളോടെ ഫ്‌ലോറിഡ അപ്രത്യക്ഷമാവുകയും തെക്കന്‍ സ്‌പെയിന്‍ മരുഭൂമിയായി മാറുകയും ചെയ്യും.

ധ്രുവീയ മഞ്ഞുപാളികള്‍ 1990കളിലേതിനേക്കാള്‍ ആറിരട്ടി വേഗത്തില്‍ ഉരുകുകയാണ്. 1992 നും 2017 നും ഇടയില്‍ ഗ്രീന്‍ലാന്‍ഡിനും അന്റാര്‍ട്ടിക്കയ്ക്കും 6.4 ട്രില്യണ്‍ ഹിമങ്ങള്‍ നഷ്ടപ്പെട്ടു. 1880കള്‍ക്ക് ശേഷം സമുദ്രനിരപ്പ് ശരാശരി എട്ട് ഇഞ്ച് ഉയര്‍ന്നു.കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും വലിയ സംഭാവന നല്‍കുന്നത് മലിനീകരണമാണെന്നും റിപ്പോര്‍്ട്ട് ചൂണ്ടികാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →