യുപിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നദ്ദ: നൂറ് ദിവസത്തെ രാജ്യ പര്യടനം ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: 40 ലോക സഭ സീറ്റുകളുള്ള ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ, അടുത്ത ലക്ഷ്യവുമായി ബിജെപി മേധാവി ജെ പി നദ്ദ. ഉത്തര്‍ പ്രദേശില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് അദ്ദേഹം നടത്തുന്നത്. 2024 പൊതുതെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ക്കായി നൂറ് ദിവസത്തെ രാജ്യ പര്യടനവും ഉടന്‍ ആരംഭിക്കും. രാഷ്ട്രീയ വിസ്രിത് പ്രവാസ് എന്നാണ് പര്യടനത്തിന് പേരിട്ടിരിക്കുന്നത്. അതേസമയം, നിര്‍ദ്ദിഷ്ട യാത്രയുടെ തീയതികള്‍ ഇനിയും തീരുമാനിച്ചിട്ടില്ല. എസ്പി-കോണ്‍ഗ്രസ് സഖ്യത്തെയും ബിഎസ്പിയെയും ഒറ്റയടിക്ക് വീഴ്ത്തി അധികാരം പിടിച്ച യുപിയില്‍ പരമാവധി എട്ട് ദിവസമാണ് അദ്ദേഹം ചെലവഴിക്കുക എന്നാണ് വിവരം. പാര്‍ട്ടി മേധാവിയായി നദ്ദ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ബിജെപിക്ക് ദില്ലി നഷ്ടമായത്. അതിനാല്‍, ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പും മധ്യപ്രദേശ് ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും പാര്‍ട്ടി മേധാവിയെന്ന നിലയില്‍ നദ്ദയുടെ ആദ്യ വെല്ലുവിളിയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014ല്‍ 29 സഖ്യകക്ഷികളുമായി അധികാരത്തില്‍ വന്നതാണ് എന്‍ഡിഎ. എന്നാല്‍ ഇതിനകം നിരവധി കക്ഷികള്‍ മുന്നണി വിട്ടു. ഇതും വരും തിരഞ്ഞെടുപ്പില്‍ നദ്ദയ്ക്ക് വെല്ലുവിളിയാണ്. മഹാരാഷ്ട്രയിലെ ശിവസേന, പഞ്ചാബിലെ ശിരോമണി അകാലിദള്‍, ആന്ധ്രാപ്രദേശിലെ ടിഡിപി, ജമ്മു കശ്മീരിലെ പിഡിപി, ബീഹാറിലെ ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, ഓം പ്രകാശ് രാജഭാര്‍ നേതൃത്വത്തിലുള്ള സുഹെല്‍ദെ എന്നിവരാണ് ഇപ്പോള്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തായ സഖ്യകക്ഷികള്‍. യുപിയില്‍. 2021 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ അസമിലെ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

2019 തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകാതെ പോയ സീറ്റുകളെക്കുറിച്ച് പഠിച്ച് അവിടെ എങ്ങനെ വിജയം ഉറപ്പിക്കാമെന്നതിന് പദ്ധതികള്‍ തയാറാക്കുകയാണ് പര്യടനത്തിന്റെ പ്രധാനലക്ഷ്യം. ബീഹാര്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നടക്കം നദ്ദ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. പാര്‍ട്ടിയുടെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക, പുതിയ സഖ്യ സാധ്യതകള്‍ വിലയിരുത്തുക, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിഛായ മെച്ചപ്പെടുത്തുക, സ്വാധീന ശക്തികളുമായി ചര്‍ച്ച നടത്തുക, പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ വ്യക്തത വരുത്തുക, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും സഖ്യകക്ഷി നേതാക്കളെയും സന്ദര്‍ശിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും അദ്ദേഹത്തിന്റെ നൂറ് ദിവസത്തെ ദേശീയ പര്യടനത്തിനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →