തൃശ്ശൂര്‍: പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി ഒതുങ്ങുന്ന പ്രിൻസിപ്പൽ പദവിയും പ്രധാന ചുമതലകൾ ഉൾപ്പെടെ പകുതിയിലേറെ ചുമതലകൾ നടപ്പാക്കുന്ന വൈസ് പ്രിൻസിപ്പൽ പദവിയും വിവാദ വിഷയം ആയി മാറിയിരിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റ് കീഴിലാണ് കേരള വർമ്മ കോളേജ്. കേരളത്തിലെ പ്രധാനപ്പെട്ട സർവ്വകലാശാലകളുടെ കീഴിലുള്ള ഒരു കോളേജിലും വൈസ് പ്രിൻസിപ്പൽ തസ്തിക നിലവിലില്ല. ക്രിസ്ത്യൻ മാനേജ്മെന്റ് കീഴിലുള്ള ചില സ്വകാര്യ കോളേജുകളിൽ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നിരിക്കെ ഒക്ടോബർ 30ന് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ബിന്ദുവിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചുകൊണ്ട് കേരളവർമ്മ കോളേജിന്റെ മാനേജ്മെന്റ് ഉത്തരവിറക്കി.
ഭരണ സമിതി നിശ്ചയിക്കുന്ന ചുമതലകൾ അക്കാദമിക പ്രവർത്തനങ്ങൾ നിർവഹിക്കുക, അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വികസനപ്രവർത്തനങ്ങൾ, കോളേജ് അക്രഡിറ്റേഷൻ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ സംയുക്തമായി നിർവഹിക്കണം. ഇതിനു പുറമേ കോളേജിലെ പിടിഎ , ഡെവലപ്മെന്റ് ഫോറം, കിഫ്ബി എന്നിവരുടെ സഹായത്താൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെ ചുമതലകളും നാക് അക്രഡിറ്റേഷൻ പോലുള്ള കാര്യങ്ങളുടെ സ്വതന്ത്ര ചുമതലകളും വൈസ് പ്രിൻസിപ്പലിന് മാത്രമായിരിക്കും.
വൈസ് പ്രിൻസിപ്പൽ തസ്തിക കേരള യൂണിവേഴ്സിറ്റി ആക്ടിൽ ഉള്ളതല്ല. കത്തോലിക്കാ മാനേജ്മെന്റ് കോളേജുകളിൽ വൈസ് പ്രിൻസിപ്പൽ തസ്തിക പദവി മാത്രമായി നിലകൊള്ളുന്നുണ്ട്. എന്നാൽ അധികാരമൊന്നുമില്ല. ശ്രീ കേരള വർമ കോളേജ് പോലെയുള്ള കോളേജുകളിൽ ഒന്നും ആലങ്കാരിക പദവി ഉണ്ടായിരുന്നില്ല. ഇല്ലാത്ത ഒരു പദവി ഉണ്ടാക്കിയാണ് ഡോക്ടർ ബിന്ദുവിനെ നിയമിച്ചത്.

