ചാമക്കഞ്ഞി

ഞങ്ങളുടെ ഗ്രാമത്തെക്കുറിച്ച്, ബൈസൺവാലി, 1960 കൾ മുതലുള്ളതേ ഓർമ്മയിൽ ഉള്ളൂ . അന്ന് സർക്കാർ സ്ഥാപനമായി പോസ്റ്റ് ഓഫീസും, അപ്പർ പ്രൈമറി സ്കൂളും മാത്രം. ഇന്നും വലിയ മാറ്റം ഒന്നുമില്ല . സ്ക്കൂൾ ഹയർ സെക്കൻഡറി ആയെന്നു മാത്രം . റോഡിന്റെ അഭാവം കാരണം വില്ലേജ് ഓഫീ സും , പഞ്ചായത്ത് ഓഫീസും ഒക്കെ അഞ്ചാറ് കിലോ മീറ്റർ അകലെ പൊട്ടൻകാട്ടിൽ സ്ഥാപിതമായി. ഞങ്ങളുടെ സമീപത്തായി മൂന്നുനാല് വീടുകൾ ഉണ്ടായിരുന്നു . ഓരോ വീട്ടുകാർക്കും അഞ്ചും ആറും ഏക്കർ സ്ഥലം കാണും. അതുകൊണ്ട് തന്നെ അയൽവീടുകൾ അകലത്തിൽ ആയിരുന്നു. അവയല്ലാം വലിയ മരത്തിന്റെ മുകളിലും ആയിരുന്നു (ഏറുമാടം).

ഞങ്ങൾക്ക് മാത്രമേ നിലത്ത് വീടുണ്ടായിരുന്നുള്ളു. പുല്ല് മേഞ്ഞ, നാല് കാട്ട് തൂണുകൾക്ക് മുകളിലെ കാട്ട് തടി കൊണ്ട് തന്നെയുള്ള ഉത്തരങ്ങളിൽ ഉറപ്പിച്ച മേൽക്കൂരയും, പുല്ല് കണ്ണികൾ (മേയാനുള്ള പുല്ല് മുറിച്ചെടുക്കമ്പോൾ ഒരു കയ്യിൽ കൊള്ളുന്ന അത്ര പുല്ല് ആകുമ്പോൾ അതിൻറെ മൂന്നാല് ഓലകൾ കൊണ്ട് തന്നെ രണ്ടു മൂന്ന് ചുറ്റി കെട്ടി എടുക്കുന്നത്) അടുപ്പിച്ചടുപ്പിച്ച് രണ്ട് ഈറ്റ വാരികൾക്കിടയിൽ ( ഈറ നടുവേ കീറി എടുക്കുന്നത്) കുത്തി നിറുത്തി ഈറവള്ളി കൊണ്ട് തന്നെ മുറുക്കി കെട്ടിയ ഭിത്തിയും ആയിരുന്നു.

ധൈര്യശാലികൾ ആയ രണ്ട് മൂന്ന് നായകൾ സംരക്ഷണയ്ക്ക് ഉണ്ടായിരുന്നതു കൊണ്ടാണ് കാട്ടാനയും കാട്ടുപോത്തും, കാട്ടുപന്നിയും യഥേഷ്ടം വിഹരിച്ചിരുന്ന സ്ഥലത്ത് ജീവനോടെ കഴിയാൻ സാധിച്ചത്. മലമ്പനി പിടിച്ച് വീടിനകത്ത് കട്ടിലിൽ അച്ഛൻ കിടക്കുമ്പോൾ ഇഞ്ചുകൾ മാത്രം വ്യത്യാസത്തില്‍ മുകളിൽ കൂടി ആനയുടെ രണ്ട് കൊമ്പുകൾ നീണ്ടു വന്നതും കട്ടിലിന് മുകളിലുള്ള പുല്ല് ഭിത്തി സഹിതം അന്തരീക്ഷത്തിൽ ഉയർന്നു വീണതും പേടിപ്പെടുത്തുന്ന ഓർമ്മകൾ ആയി അവശേഷിക്കുന്നു. ഈറയുടെ രണ്ട് മുട്ടുകൾക്കിടയിലെ ഭാഗം, കുഴൽ പോലെ ഉള്ളത് അഞ്ചാറ് കഷണമായി നെടുകെ പിളർന്ന് അവ ഓരോന്നും വീണ്ടും വളരെ കനം കുറച്ച് പല പാളികൾ ആയി കീറി എടുക്കുന്നത് ആണ് കെട്ടാൻ ഉപയോഗിക്കുന്നത്.

തറയിൽ ചുവപ്പ് മണ്ണ് എടുത്തിട്ട് (മേൽമണ്ണ് മാറ്റിയത് ) കുറച്ച് വെള്ളം തളിച്ച് നിലംതല്ലി കൊണ്ട് (കാൽ വണ്ണമുള്ള അഗ്രം ഏകദേശം 30 ഡിഗ്രി വളഞ്ഞ കാട്ട് കമ്പ് കണ്ടെത്തി വളഞ്ഞ ഭാഗം കയ്യിൽ പിടിക്കാൻ പാകത്തിന് ചെത്തിക്കളഞ്ഞ് വണ്ണം കുറച്ച് ബാക്കി നീളത്തിൽ ഉള്ള (ഒന്നര അടി മുതൽ രണ്ടര അടി) വരെ ഭാഗത്തിന്റെ കാൽ ഭാഗത്തോളം അറുത്ത് മാറ്റുന്നത് പോലെ ചെത്തിക്കളഞ്ഞ് വണ്ണം കുറച്ച ഭാഗത്ത് പിടിച്ച് നിലത്ത് തല്ലുന്ന ഒരുപകരണം) നന്നായി തല്ലി നിലം ഉറപ്പ് വരുത്തണം, (ചരിഞ്ഞ പ്രദേശങ്ങളിൽ കയ്യാല ഉണ്ടാക്കുന്നതും, കല്ല് കിട്ടാൻ വിഷമം ഉള്ള സ്ഥലത്ത്, കയ്യാലക്കൊട്ടയിൽ ചെറിയ വള്ളിക്കൊട്ട ചുവന്ന മണ്ണെടുത്ത് അമർത്തി വെച്ച് വെള്ളം തളിച്ച് നിരവധി തവണ തല്ലി ഉറപ്പിക്കാനും നിലം തല്ലി ഉപയോഗിച്ചിരുന്നു).

മേൽമണ്ണ് ഇട്ടാൽ തറ ഉറപ്പ് കിട്ടില്ല . പിന്നീട് ചാണകവും കരിയും (കൂടുതലും ഉണങ്ങിയ വാഴയില കത്തിച്ച് ചാരമാകുന്നതിന് മുമ്പ് വെള്ളം ഒഴിച്ച് തീ കെടുത്തി എടുക്കുന്നത്) വെള്ളവും കൂട്ടി കുഴച്ച് കുഴമ്പ് പരുവത്തിൽ ആക്കി തറ മുഴുവൻ കൈ കൊണ്ട് മെഴുകി തുടച്ച് ഉണക്കി എടുക്കും. കരി ചേർത്ത് മെഴുകിയില്ലെങ്കിൽ ഒരു മഞ്ഞ നിറമായിരിക്കും തറയ്ക്ക് . മാസത്തിൽ രണ്ട് തവണ എങ്കിലും ഇങ്ങനെ മെഴുകി വൃത്തിയാക്കണം . തറയിൽ ചില ഭാഗം പൊളിഞ്ഞ് പോകാറുണ്ട്, അവിടെ ചുവന്ന മണ്ണ് കുഴച്ച് തേച്ച് പിടിപ്പിച്ചിട്ട് വേണം ചാണകം മെഴുകാൻ . അന്ന് ചെരുപ്പുകൾ ഉപയോഗിച്ചിരുന്നില്ല എങ്കിലും വീടി നുള്ളിൽ തറയിൽ നിന്നും പാദങ്ങൾക്ക് അധികം തണുപ്പ് ഏൽക്കാറില്ലായിരുന്നു. ചെറിയ കാട്ടു തൂണുകൾക്ക്‌ മുകളിൽ മുള പൊട്ടിച്ച് പലകപോലെ നിരത്തി (തൈതൽ എന്ന് പറയും) കട്ടിലും അതിന് മുകളിൽ പുല്ല് ചെത്തിയിട്ട്‌ ചണച്ചാക്കോ തഴപ്പായയോ ഇട്ട് മെത്തയും ഉണ്ടാക്കിയിരുന്നു . കാടും പുല്ലുമേടും വെട്ടിത്തെളിച്ച് കപ്പയും ചാമയും കേപ്പയും (പഞ്ഞപ്പുല്ല്) മുതിരയും. ഒക്കെ കൃഷി ചെയ്യുമായിരുന്നു. വിശപ്പിന്റെ കാഠിന്യം കാരണം കപ്പയൊന്നും ശരിക്കും വിളയാൻ അനുവദിച്ചിരുന്നില്ല, വിരൽ വണ്ണം ആകുമ്പോൾ തന്നെ പറിച്ച് കരിംതൊലി മാത്രം കളഞ്ഞ്, വാഴക്കായ ചിപ്സ് ഉണ്ടാക്കാൻ അരിയുന്നത് പോലെ അരിഞ്ഞ് , തലേ ദിവസം തിളപ്പിച്ച് ഊറ്റി വേറെ വെള്ളം ഒഴിച്ച് അടുത്ത ദിവസം രാവിലെ വീണ്ടും ഊറ്റിക്കളഞ്ഞ് വേറെ വെള്ളം ഒഴിച്ച് വേവിച്ച് ആണ് ഉപയോഗിച്ചിരുന്നത്. ( അത്രയ്ക്ക് കൈപ്പായിരുന്നു ). അതുതന്നെ പകുതിയെങ്കിലും കാട്ടുപന്നികൾ കൊണ്ടുപോയി ബാക്കിയെ കിട്ടുമായിരുന്നു ള്ളു.

മുതിര വിളവെടുക്കാൻ ആവുമ്പോൾ സൂര്യൻ ഉദിക്കും മുമ്പ് പറമ്പിൽ ഇറങ്ങി മുതിരച്ചെടി വേരോടുകൂടി പറിച്ചെടുക്കും, മഞ്ഞ് വീണ് നല്ല തണുപ്പ് ആയിരിക്കും അപ്പോൾ, വെയിൽ ആയാൽ മുതിരയുടെ തൊണ്ട് പൊട്ടി മുതിര എല്ലാം മണ്ണിൽ തെറിച്ച് പോകും . പിന്നീട് അവ ചാണകം മെഴുകിയ മുറ്റത്ത് ഇട്ട് മൂന്ന് നാല് ദിവസം നന്നായി വെയില് കൊളളിക്കും, ഉണങ്ങിയ മുതിര ഉച്ച കഴിഞ്ഞ് വെയിലാറുന്നതിന് മുമ്പെ, വെയിലാറിയാൽ മുതിരയുടെ തൊണ്ട് പൊട്ടില്ല , സാമാന്യം വലിയ വടികൾ കൊണ്ട് അടിച്ച് തൊണ്ടൊക്കെ പൊട്ടിച്ച് ഉണങ്ങിയ സസ്യ ഭാഗങ്ങൾ ഒക്കെ പേറ്റിക്കളഞ്ഞ് മുതിര മണികൾ വേർതിരിച്ച് എടുക്കും . കേപ്പ വിളവെടുപ്പിന് കേപ്പ അറുക്കുക എന്നാണ് പറയുന്നത് , നെല്ല് പോലെ വളർന്നു നിൽക്കുന്നതാണെങ്കിലും തണ്ട് പരന്നതും കടുപ്പം ഉള്ളതുമാണ്. ഏകദേശം റ ആകൃതിയിൽ അരം പോലെ വായ്ത്തലയുള്ള പ്രത്യേക അരിവാൾ കൊണ്ട് അറുത്ത് എടുക്കുകയാണ് ചെയ്യുന്നത് . എന്നാൽ ചാമ വിളഞ്ഞത് നെല്ല് കൊയ്യുന്ന പോലെ കൊയ്തെടുക്കാം, ഉണക്കിയ ചാമ ഉരലിൽ ഇട്ട് ഇടിച്ച് ഉമി കളഞ്ഞ ചാമയരി കൊണ്ട് കഞ്ഞി വെക്കുകയും ചെയ്യും . വെന്ത കഞ്ഞി പരന്ന പാത്രത്തിൽ വിളമ്പി വെച്ച് നന്നായി തണുത്തശേഷം (തണുത്തു എന്ന് തോന്നിയാലും കഞ്ഞിയുടെ മുകളിൽ ഉള്ള പാട കഞ്ഞിയുടെ ചൂട് ഒട്ടും നഷ്ടപ്പെടുത്തില്ല അതിനാൽ ചെറിയ ചൂടോടെ വായിലൊഴിച്ചാൽ വായും തൊണ്ടയും എല്ലാം പൊള്ളി നാശമാകും) “പത്തനാപുരത്തിന് തീ പിടിച്ചാൽ ആറുമോ ചാമക്കഞ്ഞി”എന്ന ചൊല്ല് ഇവിടെ സ്മരണീയം.

കൂഴപ്ളാവിൻറെ ഇല കോട്ടി ( ഇലയുടെ അറ്റം വലത്തോട്ട് മടക്കി മടക്ക് നിവരാതെ ഈർക്കിൽ കുത്തി ചെറിയ തവി പോലെ ആക്കുന്നത് , ആണ് ചാമക്കഞ്ഞി കോരിക്കുടിച്ചിരുന്നത് ,വരിയ്ക്ക പ്ളാവിൻറെ ഇല പ്ലാവില സ്പൂൺ ഉണ്ടാക്കാൻ കൊള്ളില്ല , ആത് കോട്ടുമ്പോൾ വഴങ്ങാതെ ഒടിഞ്ഞു പോകും , പ്ലാവ് കൂഴയോ വരിക്കയോ എന്നറിയാൻ ഇല ഒടിച്ച് നോക്കിയാൽ മതി . സാധാരണ കഞ്ഞി കുടിക്കുവാനും പ്ലാവില സ്പൂൺ ഉപയോഗിച്ചിരുന്നു . അതൊക്കെ ഇന്നും മറവിയിലേക്ക് പോയ ഓർമ്മകൾ ആയി എവിടെയോ തങ്ങി നിൽക്കുന്നു.

രവികുമാർ
കട്ടപ്പന

Share

About പി ഡി രവികുമാർ

View all posts by പി ഡി രവികുമാർ →