തൃശൂര്‍: എളനാട് പരോളിലിറങ്ങിയ പോക്സോ കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നയാള്‍ അറസ്റ്റില്‍. എളനാട് സ്വദേശി ശ്രീജിത്താണ് (28) പിടിയിലായത്. കൊലപാതകം നടന്ന് 24 മണിക്കൂർ തികയും മുമ്പേയാണ് അറസ്റ്റ്. കൊല്ലപ്പെട്ടത് എളനാട് സ്വദേശി സതീഷ് (36) ആണ് . 2015 ല്‍ കൊല്ലപ്പെട്ട സതീഷ് ശ്രീജിത്തിനെ വധിക്കാന്‍ ശ്രമിച്ച് ജയിലിലായിരുന്നു.
തന്നെ കൊല്ലാൻ ശ്രമിച്ച സതീഷിനോടുള്ള പകയാണ് ശ്രീജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. ഇയാളെ പിന്തുടർന്ന ശ്രീജിത്ത് രാത്രി ആളൊഴിഞ്ഞ വീടിൻ്റെ വരാന്തയില്‍ ഉറങ്ങുന്ന സതീഷിനെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച വാള്‍ പൊലീസ് കണ്ടെടുത്തു.
തൃശൂര്‍ എളനാട് ആള്‍താമസമില്ലാത്ത വീടിന്റെ വരാന്തയിൽ നിന്നും സതീഷിന്‍റെ മൃതദേഹം അയല്‍വാസികളാണ് കണ്ടെത്തിയത്. ഉടന്‍ പഴയന്നൂര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇയാൾ കഴിഞ്ഞ രണ്ട് ദിവസമായി എളനാട് കറങ്ങി നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മലപ്പുറത്ത് നിന്ന് രണ്ട് പേര്‍ സതീഷിനെ തിരഞ്ഞ് എളനാട് എത്തിയതായി പൊലീസിന് വിവരം കിട്ടി. ആളൊഴിഞ്ഞ വീട്ടിലെ വരാന്തയിൽ മദ്യപാനത്തിന് എത്തുന്നവരെ കുറിച്ചും അന്വേഷിച്ചു. തുടർന്നാണ് എളനാട് സ്വദേശി ശ്രീജിത്തിലേക്ക് അന്വേഷണം എത്തിയത്.
കുന്നംകുളം എസിപി ടി എസ് സിനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എട്ട് മാസമായി ജയിലിലായിരുന്നു സതീഷ്. ജാമ്യത്തിലിറങ്ങിയ ശേഷം മലപ്പുറത്തായിരുന്നു താമസം. തുടർന്നാണ് എളനാട് എത്തിയത്.