പത്തനംതിട്ട ജില്ലയിലെ നവീകരിച്ച കുന്നന്താനം-കിഴവറക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു: മന്ത്രി ജി.സുധാകരന്‍ 

പത്തനംതിട്ട : പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.  ആധുനിക രീതിയില്‍ നവീകരിച്ച കുന്നന്താനം – കിഴവറക്കടവ് പാതയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തങ്ങളുടേതല്ലാത്ത കാരണത്താല്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതിരുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായിത്തന്നെ പൂര്‍ത്തികരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

2018-19 ബജറ്റില്‍ ഉള്‍പ്പെടുത്തി 2.50 കോടി രൂപ മുതല്‍ മുടക്കിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2.21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന് 3.5 മീറ്റര്‍ വീതിയാണുണ്ടായിരുന്നത്. റോഡിന്റെ ഇരുവശവും വീതികൂട്ടി 5.50 മീറ്റര്‍ വീതില്‍ ആധുനിക രീതിയില്‍ ബി.എം ആന്‍ഡ് ബി.സി ചെയ്ത് ടാര്‍ ചെയ്തു. റോഡിന്റെ പല ഭാഗങ്ങളിലുമായുണ്ടായിരുന്ന പൂര്‍ണമായും അടഞ്ഞിരുന്ന കലുങ്കുകള്‍ എല്ലാം വീതി കൂട്ടി പുന:സ്ഥാപിക്കുകയും ഓടകള്‍ നിര്‍മ്മിക്കുകയും റോഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. 

വീണാ ജോര്‍ജ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍, കോയിപ്രം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.എല്‍. ഗീത, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

കുന്നന്താനം – കിഴവറക്കടവ് പാത കോയിപ്രം പഞ്ചായത്തിലെ പ്രധാന വികസന പദ്ധതി

കോയിപ്രം പഞ്ചായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നതെന്ന് വീണാ ജോര്‍ജ് എം.എല്‍.എ.പറഞ്ഞു. എം.ടി.എല്‍.പി സ്‌കൂള്‍ വരയന്നൂരില്‍ നടന്ന ചടങ്ങില്‍ ആധുനിക രീതിയില്‍ നവീകരിച്ച കുന്നന്താനം – കിഴവറക്കടവ് പാതയുടെ ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. 

ആറാട്ടുപുഴ -ചെട്ടിമുക്ക് റോഡ് ആറുകോടി രൂപ ചിലവില്‍ ബി.എം.ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടിലെ പൊതുമരാമത്ത് വിഭാഗത്തിന്റെ  റോഡുകള്‍ ഉന്നത നിലവാരത്തിലും പ്രകൃതിയോടിണങ്ങിയതും ആധുനികവുമായതാണ്. മണ്ഡലത്തില്‍ രണ്ട് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളാണുള്ളത്. പത്തനംതിട്ട ജില്ലാ റസ്റ്റ്ഹൗസിലെ പുതിയ കെട്ടിടം ഈ മാസം പന്ത്രണ്ടിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ആറന്മുള സത്രക്കടവിലും പുതിയ റസ്റ്റ് ഹൗസ് കെട്ടിടവും പൂര്‍ത്തിയായിക്കഴിഞ്ഞു. 

30 വര്‍ഷമായുള്ള ജനങ്ങളുടെ ആവശ്യമായ കോഴഞ്ചേരിപ്പാലത്തിന്റെ നിര്‍മ്മാണവും ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നത് അടിസ്ഥാന മേഖലയിലാണ്. നാടിന്റെ വികസനത്തിന് ഇത്രയും വലിയ നേതൃത്വം നല്‍കുന്ന ഒരു കാലഘട്ടം വേറെയില്ലെന്നും എം.എല്‍.എ പറഞ്ഞു. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8397/Kunnanthanam–kizhavarakkadavu-road.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →