ബികു: നാഗൊര്‍നോ-കറാബാക്കിനെച്ചൊല്ലി അര്‍മേനിയന്‍, അസര്‍ബൈജാനി സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയ സാഹചര്യത്തില്‍ തുര്‍ക്കിയുടെ ഇടപെടലുകള്‍ക്ക് തടയിടാന്‍ അര്‍മേനിയ ഫ്രാന്‍സിന്റെ സഹായം തേടി. അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പശിനിയന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഫോണ്‍ ചര്‍ച്ച നടത്തി. നിലവിലെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അര്‍മേനിയന്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ സംസ്ഥാന അതിര്‍ത്തികളില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ അസര്‍ബൈജാന്‍ പ്രകോപനങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന് ആരോപിച്ചു.
ഏറ്റുമുട്ടലിന്റെ പിന്നാലെ തുര്‍ക്കിയുടെ ഭരണകക്ഷി വക്താവ് ഒമര്‍ സെലിക് അസര്‍ബൈജനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അര്‍മേനിയ അസര്‍ബൈജാനെതിരായ ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. നിയമത്തെ അവഗണിച്ച് അര്‍മേനിയ വീണ്ടും പ്രകോപനമുണ്ടാക്കി. തുര്‍ക്കി അസര്‍ബൈജാനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അര്‍മേനിയ തീ കൊണ്ട് കളിക്കുകയും പ്രാദേശിക സമാധാനത്തിന് അപകടമുണ്ടാക്കുകയും ചെയ്യുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിനും അര്‍മേനിയക്കെതിരേ പറഞ്ഞത്. അര്‍മേനിയ സിവിലിയന്‍ സെറ്റില്‍മെന്റുകളെ ആക്രമിച്ച് വെടിനിര്‍ത്തല്‍ ലംഘിച്ചു .ഈ അപകടകരമായ പ്രകോപനം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ഉടന്‍ തന്നെ ആവശ്യപ്പെടണം,” കലിന്‍ ട്വീറ്റ് ചെയ്തു.

