ആഗ്ര (ഉത്തർപ്രദേശ്) / 2026 / നവംബർ 28
ജൽ ജീവൻ മിഷൻ 2.0യുടെ രണ്ടാമത് ദ്വിദിന മേഖലാ സമ്മേളനം നവംബർ 27ന് ഉത്തർപ്രദേശിലെ ആഗ്രയിൽ സമാപിച്ചു. കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ കുടിവെള്ള ശുചിത്വ വകുപ്പാണ് സമ്മേളനം സംഘടിപ്പിച്ചത്. വടക്കേ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാനും ഗ്രാമങ്ങളിലെ കുടിവെള്ള വിതരണം ദീർഘകാലം മുടക്കമില്ലാതെ തുടരാനുമുള്ള മാർഗങ്ങളാണ് അവർ ചർച്ച ചെയ്തത്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും നാട്ടുകാരുടെ ഉടമസ്ഥതയ്ക്കും ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള ജലപരിപാലനത്തിനുമാണ് സമ്മേളനം ഊന്നൽ നൽകിയത്.
സമാപനച്ചടങ്ങിൽ സംസാരിച്ച കുടിവെള്ള ശുചിത്വ വകുപ്പ് സെക്രട്ടറി അശോക് കെ കെ മീണ, ജൽ ജീവൻ മിഷൻ 2.0 വിഭാവനം ചെയ്യുന്ന പരിഷ്കാരങ്ങളെക്കുറിച്ച് പൊതുധാരണയിലെത്താനും പരസ്പരം അനുഭവങ്ങൾ പങ്കിടാനും സമ്മേളനം അവസരമൊരുക്കിയെന്ന് പറഞ്ഞു. അന്നത്തെ സന്ദർശനത്തിൽ ഉത്തർപ്രദേശിലെ ചില ഗ്രാമീണ കുടിവെള്ള പദ്ധതികൾ സൗരോർജം ഉപയോഗിക്കുന്നതും ജലവിതരണ സംവിധാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാനും നിരീക്ഷിക്കാനും കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും കണ്ടതായി അദ്ദേഹം പറഞ്ഞു. ഈ രീതികൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ജലവിതരണത്തിന്റെ ചുമതല പഞ്ചായത്തുകൾക്കും നാട്ടുകാർക്കും
ഗ്രാമീണ കുടിവെള്ള വിതരണം അടിസ്ഥാനപരമായി പ്രാദേശിക സേവനമാണെന്ന് മീണ പറഞ്ഞു. ജലവിതരണ സംവിധാനങ്ങളുടെ ഉടമസ്ഥതയിൽ ഗ്രാമപഞ്ചായത്തുകൾക്കും നാട്ടുകാർക്കും കൂടുതൽ പങ്ക് വേണം. കുടിവെള്ള സംവിധാനങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പിന്റെ ഉത്തരവാദിത്തവും നാട്ടുകാർക്ക് കൈമാറുന്നതിനുള്ള പ്രധാന ചുവടാണ് ജൽ അർപ്പൺ. സേവനം മുടങ്ങാതെ തുടരാൻ പഞ്ചായത്തുകളുടെ സാമ്പത്തികവും സാങ്കേതികവും സ്ഥാപനപരവുമായ ശേഷി വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം അവ ഫലപ്രദമായി നടത്തണം. വെള്ളത്തിന്റെ ഗുണനിലവാരം പതിവായി പരിശോധിക്കുകയും നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം. നടത്തിപ്പും അറ്റകുറ്റപ്പണിയും മെച്ചപ്പെടുത്താനും പ്രാദേശികതലത്തിൽ വൈദഗ്ധ്യം വളർത്താനും പഞ്ചായത്തിരാജ്, ഗ്രാമവികസനം, നൈപുണ്യ വികസനം, കുടിവെള്ളം എന്നീ വകുപ്പുകൾ ചേർന്ന് പ്രവർത്തിക്കണം. ജൽ സഞ്ചയ് ജൻ ഭാഗിദാരി പോലുള്ള പദ്ധതികളിലൂടെ ജലസ്രോതസ്സുകൾ ദീർഘകാലത്തേക്ക് സംരക്ഷിക്കണമെന്നും മീണ പറഞ്ഞു. നാട്ടുകാർക്ക് ഉടമസ്ഥതയുള്ളതും കാര്യക്ഷമമായി നടത്താവുന്നതുമായ കുടിവെള്ള സംവിധാനങ്ങളിലേക്ക് സംസ്ഥാനങ്ങൾ നീങ്ങണം. വികസിത് ഗ്രാമങ്ങൾക്കും വികസിത് ഭാരതിനും അടിത്തറയായ ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലവിതരണ സംവിധാനങ്ങൾ ഡിജിറ്റൽ ഭൂപടത്തിലേക്ക്, പഞ്ചായത്തുകൾക്ക് പരിശീലനം
കുടിവെള്ള വിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഡിജിറ്റൽ ഭൂപടത്തിൽ രേഖപ്പെടുത്തണമെന്ന് ദേശീയ ജൽ ജീവൻ മിഷൻ അഡീഷണൽ സെക്രട്ടറിയും മാനേജിങ് ഡയറക്ടറുമായ കമൽ കിഷോർ സോൻ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള ജലപരിപാലനം മെച്ചപ്പെടുത്താൻ നിലവിലുള്ള സ്ഥാപനങ്ങളും പരിശീലന സംവിധാനങ്ങളും ഉപയോഗിക്കണം. സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീണിന്റെ പരിശീലന പരിപാടികൾ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ നിലവിലുള്ള പരിശീലന സംവിധാനവുമായി ചേർക്കാൻ കുടിവെള്ള ശുചിത്വ വകുപ്പും പഞ്ചായത്തിരാജ് മന്ത്രാലയവും സംയുക്തമായി നടപടി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ജലവും ശുചിത്വവും സംബന്ധിച്ച വിഷയങ്ങൾ പഞ്ചായത്തിരാജ് പരിശീലനത്തിൽ ഉൾപ്പെടുത്തിയാൽ സർപഞ്ചുമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും താഴെത്തട്ടിലെ മറ്റു പ്രവർത്തകർക്കും പ്രയോജനം ലഭിക്കും. പഞ്ചായത്തിരാജ് സ്ഥാപനങ്ങളുമായുള്ള ഏകോപനം കൂട്ടാനും നിലവിലുള്ള പരിശീലന പരിപാടികളിലൂടെ ബോധവത്കരണവും നാട്ടുകാരുടെ ഉടമസ്ഥതയും ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ ദീർഘകാല നടത്തിപ്പ് മെച്ചപ്പെടുത്താനും ഈ പരിശീലനം ഉപയോഗിക്കാം.
ഗ്രാമങ്ങളിൽ കുടിവെള്ള വിതരണം ദീർഘകാലം ഉറപ്പാക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ചർച്ചകളുടെ ഫലം വിശദീകരിച്ച കുടിവെള്ള ശുചിത്വ വകുപ്പ് ജോയന്റ് സെക്രട്ടറി ഡി സെന്തിൽ പാണ്ഡ്യൻ പറഞ്ഞു. കുടിവെള്ളം, പഞ്ചായത്തിരാജ്, ഗ്രാമവികസനം, പട്ടികവർഗ കാര്യങ്ങൾ, നൈപുണ്യ വികസനം എന്നീ വകുപ്പുകൾ ചേർന്നാൽ ജൽ ജീവൻ മിഷൻ 2.0യിലെ പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പാക്കാം. ജലവിതരണ സംവിധാനങ്ങളിൽ പഞ്ചായത്തുകളുടെ ഉടമസ്ഥത ശക്തിപ്പെടുത്തണമെന്നും ഗ്രാമ ജല ശുചിത്വ സമിതികളുടെയും സുജലം ശക്തിയുടെയും പ്രവർത്തനശേഷി വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുജലം സംവിധാനത്തിലൂടെ ഡിജിറ്റൽ നിരീക്ഷണം, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, ജലസ്രോതസ്സ് സംരക്ഷണം, ജൽ അർപ്പൺ, ദീർഘകാല നടത്തിപ്പിനും അറ്റകുറ്റപ്പണിക്കുമുള്ള സ്ഥാപന സംവിധാനങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകണം. മികച്ച പ്രവർത്തനരീതികൾ പരസ്പരം പങ്കിട്ട സംസ്ഥാനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ധാരണയായ പരിഷ്കാരങ്ങളും പ്രവർത്തനപദ്ധതികളും സമയബന്ധിതമായി നടപ്പാക്കാൻ ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണിക്ക് ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിക്കാം
പതിനാറാം ധനകാര്യ കമ്മീഷന്റെ ചട്ടക്കൂടിൽ ഗ്രാമീണ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനും ദീർഘകാലം തുടരാനും ലഭിക്കുന്ന അവസരങ്ങൾ പഞ്ചായത്തിരാജ് മന്ത്രാലയം ഡയറക്ടർ വിജയ് കുമാർ വിശദീകരിച്ചു. കുടിവെള്ള വിതരണ സംവിധാനങ്ങളുടെ വിവരങ്ങൾ ഇ ഗ്രാമസ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തണം. കുടിവെള്ള ആവശ്യങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളിൽ മുൻഗണന നൽകണം. ജലവിതരണ സംവിധാനങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളുടെ ആസൂത്രണവും പ്രാദേശിക ഭരണവും സേവനവിതരണവും മെച്ചപ്പെടുത്തി, പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലുള്ള ഗ്രാന്റുകൾ പരമാവധി പ്രയോജനപ്പെടുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
രണ്ടു ദിവസത്തെ ചർച്ചകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കൽ, ജലസ്രോതസ്സുകളുടെ സംരക്ഷണം, സംവിധാനങ്ങളുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും, പ്രാദേശിക തൊഴിലാളികൾക്കുള്ള പരിശീലനം, മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം, നടത്തിപ്പിനുള്ള പണം ദീർഘകാലം ഉറപ്പാക്കൽ, ജലവിതരണ സംവിധാനങ്ങളിൽ നാട്ടുകാരുടെ ഉടമസ്ഥത എന്നിവ ചർച്ചയായി.

അഞ്ച് ഗ്രാമങ്ങളിൽ ജൽ അർപ്പൺ, വീടുകളിലെ പൈപ്പിൽനിന്ന് വെള്ളം കുടിച്ച് ഉദ്യോഗസ്ഥർ
കേന്ദ്ര സർക്കാർ, സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, സഹകരിക്കുന്ന മന്ത്രാലയങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ അഞ്ചു സംഘങ്ങളായി ഉത്തർപ്രദേശിലെ ഗ്രാമീണ കുടിവെള്ള പദ്ധതികൾ സന്ദർശിച്ചു. അവർ ജൽ അർപ്പൺ ദിനാചരണത്തിലും പങ്കെടുത്തു. ഏറ്റാ ജില്ലയിലെ ബധേര അഥവാ ഭദൈര, ഹാഥ്റസ് ജില്ലയിലെ നഗ്ല ബാബു, മെയിൻപുരി ജില്ലയിലെ സിംറാവു, അലിഗഢ് ജില്ലയിലെ ഷാപുർ ഖുതുബ്, ഹാഥ്റസ് ജില്ലയിലെ സുൽത്താൻപുർ എന്നിവിടങ്ങളിലെ ജലവിതരണ പദ്ധതികളാണ് സംഘങ്ങൾ സന്ദർശിച്ചത്. ബധേര പദ്ധതിയും ഏറ്റായിലെ പ്രതിദിനം 45 കോടി 60 ലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ നിലയവും അശോക് കെ കെ മീണ സന്ദർശിച്ചു. അന്നത്തെ ജൽ അർപ്പൺ ദിനാചരണത്തിലും അദ്ദേഹം പങ്കെടുത്തു. മീണയ്ക്കും കമൽ കിഷോർ സോനും ഡി സെന്തിൽ പാണ്ഡ്യനുമൊപ്പം ദേശീയ ജൽ ജീവൻ മിഷൻ ഡയറക്ടറും ഡെപ്യൂട്ടി സെക്രട്ടറിയും സന്ദർശനങ്ങൾക്ക് നേതൃത്വം നൽകി. എസ് പി എം നിവാസിലെയും പങ്കെടുത്ത സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. സംഘങ്ങൾ വെള്ളം ശുദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും നേരിൽ കണ്ടു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെയും ഗ്രാമ ജല ശുചിത്വ സമിതികളുടെയും പ്രതിനിധികളുമായി സംസാരിച്ചു. പരിശീലനം നേടിയ സ്ത്രീകൾ ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതും ജലവിതരണ സംവിധാനങ്ങളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണിയിലും നാട്ടുകാർ പങ്കാളികളാകുന്നതും കണ്ടു.
വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും നാട്ടുകാരുടെ വിശ്വാസം കൂട്ടാൻ അശോക് കെ കെ മീണയും കമൽ കിഷോർ സോനും വീടുകളിലെ പൈപ്പിൽനിന്ന് നേരിട്ട് വെള്ളം കുടിച്ചു. ഗ്രാമ സന്ദർശനങ്ങളിൽ മറ്റു ഉദ്യോഗസ്ഥരും ഇങ്ങനെ ചെയ്യാൻ അവർ പ്രോത്സാഹിപ്പിച്ചു. കുടിവെള്ള വിതരണം മുടങ്ങാതെ തുടരാൻ നാട്ടുകാരും പഞ്ചായത്തുകളും പദ്ധതി നടപ്പാക്കുന്ന വകുപ്പുകളും ഉത്തരവാദിത്തം പങ്കിടുന്ന ചുവടായാണ് ജൽ അർപ്പൺ ജനങ്ങളോട് വിശദീകരിക്കേണ്ടതെന്നും അവർ പറഞ്ഞു. വലിയ അറ്റകുറ്റപ്പണികൾക്കും സംവിധാനം തകരാറിലാകുന്ന ഘട്ടങ്ങളിലും നടത്തിപ്പ് വകുപ്പുകളുടെ സാങ്കേതിക സഹായം തുടരുമെന്ന് പഞ്ചായത്തുകൾക്ക് ഉറപ്പുനൽകണം. ഗ്രാമത്തിലെ ജലവിതരണം കൈകാര്യം ചെയ്യുന്നതിൽ പഞ്ചായത്തുകൾക്ക് ആത്മവിശ്വാസം നൽകാനാണിത്. ദിനാചരണത്തിൽ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമ ജല ശുചിത്വ സമിതി അംഗങ്ങൾ, സ്വയംസഹായസംഘങ്ങൾ, സ്കൂൾ കുട്ടികൾ, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജലസംരക്ഷണം, വെള്ളത്തിന്റെ ഉത്തരവാദിത്തമുള്ള ഉപയോഗം, കുടിവെള്ള സംവിധാനങ്ങളിൽ നാട്ടുകാരുടെ ഉടമസ്ഥത എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നടന്നു. സമ്മേളനത്തിന്റെ സമാപനത്തിൽ, ജൽ ജീവൻ മിഷൻ 2.0 വേഗത്തിൽ നടപ്പാക്കുമെന്നും നാട്ടുകാർക്ക് ഉടമസ്ഥതയുള്ളതും സേവനത്തിന് മുൻഗണന നൽകുന്നതുമായ കുടിവെള്ള സംവിധാനങ്ങളിലേക്ക് മാറുമെന്നും പങ്കെടുത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വീണ്ടും ഉറപ്പുനൽകി. ചർച്ചകളിലും സന്ദർശനങ്ങളിലും ലഭിച്ച അനുഭവങ്ങൾ പരസ്പരം പങ്കിടാനും പദ്ധതി നടത്തിപ്പ് മെച്ചപ്പെടുത്താനും ഗ്രാമങ്ങളിൽ ദീർഘകാല ജലസുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

.