ന്യൂഡൽഹി / 2026 / നവംബർ 26
ഇന്ത്യയുടെ ജനാധിപത്യത്തിനും ദേശീയ ഐക്യത്തിനും ഭാവിയിലെ മുന്നേറ്റത്തിനും അടിത്തറ ഭരണഘടനയാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. ഭരണഘടനാ ദിനമായ നവംബർ 26ന് സംവിധാൻ സദനിലെ ചരിത്രപ്രധാനമായ സെൻട്രൽ ഹാളിൽ വിദ്യാർഥികളെയും യുവജനങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പരമോന്നത നിയമമായ ഭരണഘടനയിലാണ് ജനാധിപത്യ മൂല്യങ്ങളും ജനങ്ങളുടെ പൊതുവായ പ്രതീക്ഷകളും വേരൂന്നുന്നതെന്ന് ബിർള പറഞ്ഞു. വലിയ വൈവിധ്യത്തിനിടയിലും രാജ്യത്തിന്റെ ഐക്യം കാത്തുകൊണ്ട് പല ഘട്ടങ്ങളിലെ മാറ്റങ്ങളിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ ഭരണഘടന നയിച്ചു. ഭരണഘടനാ ശിൽപികളുടെ ദീർഘവീക്ഷണമാണ് ശക്തമായ പാർലമെന്ററി ജനാധിപത്യത്തിന് അടിത്തറയിട്ടത്. സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും പുരോഗതിയിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിൽ ഭരണഘടന ഇന്നും വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന വായിച്ച് മനസ്സിലാക്കുന്നതിനൊപ്പം അതിലെ ആശയങ്ങൾ ചിന്തയിലും പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും പാലിക്കണമെന്ന് ബിർള യുവാക്കളോട് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സമൂഹത്തോടും രാജ്യത്തോടുമുള്ള കടമകൾ നിറവേറ്റാനുള്ള പൗരന്മാരുടെ സന്നദ്ധതയും ഒരുപോലെ ജനാധിപത്യത്തിന് കരുത്ത് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും സമവായത്തിലെത്തിയ സഭ
സ്വാതന്ത്ര്യസമരത്തിലെ നിർണായക സംഭവങ്ങൾക്കും സ്വതന്ത്ര ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തിയ ചർച്ചകൾക്കും സംവിധാൻ സദൻ സാക്ഷിയായിട്ടുണ്ടെന്ന് ബിർള ഓർമിപ്പിച്ചു. റിപ്പബ്ലിക്കിനെ രൂപപ്പെടുത്തിയ ത്യാഗങ്ങളുടെയും ഉറച്ച വിശ്വാസങ്ങളുടെയും ദീർഘവീക്ഷണത്തോടെയുള്ള സ്വപ്നങ്ങളുടെയും ഓർമയാണ് ആ കെട്ടിടം. ഭരണഘടനയിലെ സാർവത്രിക ആശയങ്ങളും ജനാധിപത്യ തത്വങ്ങളും ഇന്ത്യയ്ക്കും ലോകത്തെ മറ്റു ജനാധിപത്യ സമൂഹങ്ങൾക്കും ഇന്നും വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങൾ രണ്ടുവർഷവും പതിനൊന്ന് മാസവും ചർച്ച നടത്തി. വ്യത്യസ്ത കാഴ്ചപ്പാടുകൾ കേട്ടും വിശദമായി ചർച്ച ചെയ്തും അവർ സങ്കീർണമായ ചോദ്യങ്ങൾക്ക് പരിഹാരം കണ്ടെത്തി. യുക്തിയുടെ അടിസ്ഥാനത്തിൽ വാദിച്ചും പരസ്പരം മനസ്സിലാക്കിയും അവർ മുന്നോട്ടുപോയി. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മറ്റുള്ളവരുടെ നിലപാടുകൾ ഉൾക്കൊണ്ട് സമവായത്തിലെത്താൻ അംഗങ്ങൾ തയ്യാറായി. എല്ലാറ്റിനും മുകളിൽ അവർ രാജ്യത്തിന്റെ താൽപര്യത്തിന് സ്ഥാനം നൽകി. സംവാദത്തിലൂടെയും ചർച്ചയിലൂടെയും കൂട്ടായി തീരുമാനമെടുക്കുന്ന ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് ഈ സഭ മാതൃകയാണെന്ന് ബിർള പറഞ്ഞു.


വൈവിധ്യം കാക്കുന്ന ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും
ഭാഷകളും പ്രാദേശിക ഭാഷാഭേദങ്ങളും മതങ്ങളും ആചാരങ്ങളും സംസ്കാരങ്ങളും ഉൾപ്പെടുന്ന വൈവിധ്യത്തെ മാനിച്ചുകൊണ്ട് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കാൻ ഭരണഘടന ഉറച്ച അടിത്തറയൊരുക്കി. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കിയതിലൂടെ എല്ലാ പൗരന്മാർക്കും പൊതുവായ ഭരണഘടനാപരമായ സ്വത്വം ലഭിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഒരു പൊതുകാഴ്ചപ്പാടും അതിലൂടെ രൂപപ്പെട്ടു. ഈ മൂല്യങ്ങളും ജനങ്ങൾക്ക് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസവുമാണ് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന് കരുത്തും അംഗീകാരവും നൽകുന്നതെന്ന് ബിർള പറഞ്ഞു.
ഭരണത്തിന്റെ മൂന്ന് വിഭാഗങ്ങൾക്കും വെവ്വേറെ ചുമതലകളാണുള്ളത്. അവ പരസ്പരം പൂരകവുമാണ്. നിയമനിർമാണ വിഭാഗം ജനങ്ങളുടെ പ്രതീക്ഷകൾക്ക് ശബ്ദം നൽകുകയും അവയെ നിയമങ്ങളും നയങ്ങളുമാക്കി മാറ്റുകയും ചെയ്യുന്നു. കാര്യനിർവഹണ വിഭാഗം ആ നയങ്ങൾ നടപ്പാക്കുന്നു. നീതിന്യായ വിഭാഗം ഭരണഘടന ഉയർത്തിപ്പിടിക്കുകയും പൗരാവകാശങ്ങൾ സംരക്ഷിക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യുന്നു. ഭരണഘടന നിശ്ചയിച്ച അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ ജനാധിപത്യ ഭരണത്തിന് കരുത്തേകുകയും ഭരണഘടനാ സംവിധാനത്തിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


വികസിത ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്
രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ മാറുമ്പോഴും വരും തലമുറകൾക്ക് വഴികാട്ടാൻ കഴിയുന്ന സംവിധാനമാണ് ഭരണഘടനാ ശിൽപികൾ ഒരുക്കിയതെന്ന് ബിർള പറഞ്ഞു. സ്വന്തം കാലത്തെ വെല്ലുവിളികൾക്കപ്പുറം ചിന്തിക്കാൻ കഴിഞ്ഞത് അവരുടെ വിവേകവും ദീർഘവീക്ഷണവുമാണ് കാണിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകളും വ്യത്യസ്ത കാഴ്ചപ്പാടുകളും അവതരിപ്പിക്കാനും ഫലപ്രദമായ ചർച്ചകൾ നടത്താനും പാർലമെന്റും മറ്റു ജനാധിപത്യ സ്ഥാപനങ്ങളും സജീവ വേദികളായി തുടരണം. അവിടെ ഉയരുന്ന ആശയങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നടപടികളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കഴിവും സംരംഭകത്വവും പുതുമയും സൃഷ്ടിപരതയുമുള്ള യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് ബിർള പറഞ്ഞു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വളർന്നുവരുന്ന വിജ്ഞാന മേഖലകളിലും യുവ ഇന്ത്യക്കാർ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്. അവരുടെ കാഴ്ചപ്പാടും ഊർജവും നിശ്ചയദാർഢ്യവും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുന്നതിലും നിർണായകമാകും. ഭരണഘടന നൽകുന്ന അവകാശങ്ങളെയും അവസരങ്ങളെയും കുറിച്ച് യുവാക്കൾക്ക് പൂർണ ബോധ്യമുണ്ടാകണം. സമൂഹത്തോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്തങ്ങൾക്കും അതേ പ്രാധാന്യമുണ്ടെന്ന് അവർ തിരിച്ചറിയണം. ഭരണഘടനയെക്കുറിച്ചും നിയമത്തെക്കുറിച്ചും അറിവും പൊതുസേവനത്തോട് പ്രതിബദ്ധതയുമുള്ള തലമുറ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാനുസൃതമായ ഭരണത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഭരണഘടനയുടെ സന്ദേശം രാജ്യത്തിന്റെ എല്ലാ കോണിലേക്കും
പരിപാടിയിൽ പങ്കെടുത്ത യുവാക്കളുടെ ആവേശത്തെയും പ്രതിബദ്ധതയെയും ബിർള അഭിനന്ദിച്ചു. സംവിധാൻ സദനിൽനിന്ന് നേടിയ അറിവും അനുഭവങ്ങളും അവിടെ ഒതുക്കാതെ സ്വന്തം സംസ്ഥാനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും സമൂഹങ്ങളിലേക്കും കൊണ്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ സന്ദേശവാഹകരായി സഹപാഠികളെയും മറ്റു യുവാക്കളെയും അതിന്റെ ആശയങ്ങൾ മനസ്സിലാക്കാൻ പ്രേരിപ്പിക്കണം. ജനാധിപത്യ പ്രക്രിയകളിൽ സജീവമായി പങ്കെടുക്കാനും സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കണം. വികസനത്തിന്റെ നേട്ടങ്ങളും നീതിയും അവസരങ്ങളും എല്ലാ പൗരന്മാരിലേക്കും എത്തണം. അവ ലഭിക്കാൻ ഏറ്റവും പ്രയാസപ്പെടുന്നവരിലേക്ക് എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ബിർള പറഞ്ഞു.
രാജ്യസ്നേഹവും അർപ്പണബോധവും കഠിനാധ്വാനവും ഭരണഘടനാ മൂല്യങ്ങളോടുള്ള ഉറച്ച പ്രതിബദ്ധതയും ജീവിതത്തിൽ വഴികാട്ടിയാകണമെന്ന് പറഞ്ഞാണ് സ്പീക്കർ പ്രസംഗം അവസാനിപ്പിച്ചത്. പുതുഉത്സാഹത്തോടെയും വിശാലമായ കാഴ്ചപ്പാടോടെയും സംവിധാൻ സദനിൽനിന്ന് മടങ്ങണമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു. ഭരണഘടന വായിക്കാനും അതിന്റെ വാക്കുകളും അന്തസ്സത്തയും മനസ്സിലാക്കി ജീവിതത്തിൽ പകർത്താനും ഉറച്ച തീരുമാനമെടുക്കണം. കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പുരോഗമനപരവും വികസിതവുമായ ഇന്ത്യയ്ക്ക് അടിത്തറയാകുന്നത് ഓരോ പൗരന്റെയും ഭരണഘടനാ മൂല്യങ്ങളോടുള്ള കൂട്ടായ പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.
.