ന്യൂഡൽഹി / 2026 / നവംബർ 26 .
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45-ാമത് ഇന്ത്യാ രാജ്യാന്തര വ്യാപാരമേളയിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പവലിയന് മികച്ച ജനപങ്കാളിത്തം. നേരിട്ട് പങ്കെടുക്കാവുന്ന പരിപാടികളും സൗജന്യ ചികിത്സാ കൂടിയാലോചനയും ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രദർശനവുമാണ് പവലിയനിലെ ആകർഷണങ്ങൾ. ‘ആയുഷ് പാരമ്പര്യത്തിലൂടെ ആരോഗ്യമുള്ള ഇന്ത്യയുടെ വളർച്ച’ എന്ന ആശയത്തിലാണ് പവലിയൻ ഒരുക്കിയത്. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതികളുടെ പൈതൃകവും ഗവേഷണവും ഇന്നത്തെ ഉപയോഗവും നേരിട്ടും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ഇവിടെ പരിചയപ്പെടാം.

പവലിയൻ സന്ദർശിച്ച് ആയുഷ് ജോയിന്റ് സെക്രട്ടറി
ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡി. അലർമേൽമംഗൈ നവംബർ 25ന് പവലിയൻ സന്ദർശിച്ചു. ഓരോ ചികിത്സാരീതിക്കുമായി ഒരുക്കിയ പ്രദർശനങ്ങളെയും ആയുഷ് ആഹാർ ഉൽപ്പന്നങ്ങളുടെ വൈവിധ്യത്തെയും സന്ദർശകർക്ക് നേരിട്ട് പങ്കെടുക്കാവുന്ന പരിപാടികളെയും അവർ അഭിനന്ദിച്ചു. ഹോമിയോപ്പതി ഒപിയിലെ ഡോക്ടർമാരുമായി സംസാരിച്ചു. കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിലിന്റെ ഡിജിറ്റൽ പരിപാടികളും ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെർച്വൽ റിയാലിറ്റി സംവിധാനവും അവർ പരീക്ഷിച്ചു. കേന്ദ്ര യുനാനി ഗവേഷണ കൗൺസിലിന്റെ മിസാജ് പരിശോധനയിലും പങ്കെടുത്തു. ദേശീയ ഔഷധസസ്യ ബോർഡ്, അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ചികിത്സാരീതികൾക്കും ഹോമിയോപ്പതിക്കുമായുള്ള ഫാർമക്കോപ്പിയ കമ്മീഷൻ എന്നിവയുടെ പ്രദർശനങ്ങളും കണ്ടു.

യോഗ മുതൽ വെർച്വൽ റിയാലിറ്റി വരെ
പരിശീലകരുടെ നേതൃത്വത്തിലുള്ള യോഗ, സൂര്യനമസ്കാര പ്രദർശനം, യോഗ മത്സരങ്ങൾ, പ്രകൃതി–മിസാജ് വിലയിരുത്തലുകൾ, കളികളിലൂടെ ആയുർവേദം പഠിക്കാനുള്ള അവസരം, വെർച്വൽ റിയാലിറ്റി അനുഭവം എന്നിവയ്ക്ക് കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ വലിയ സ്വീകാര്യതയുണ്ട്. ഔഷധസസ്യ പസിൽ, പൂക്കൾ യോജിപ്പിക്കുന്ന കളി, ആരോഗ്യകരവും അനാരോഗ്യകരവുമായ ഭക്ഷണം തിരിച്ചറിയാനുള്ള സെൻസർ കളി എന്നിവ കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ ഒരുക്കിയിട്ടുണ്ട്. ജയ്പുരിലെ ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് വെർച്വൽ റിയാലിറ്റിയിലൂടെ മനുഷ്യശരീരത്തിന്റെ ഉള്ളറകൾ കാണിച്ചുതരുന്നു. ഫോട്ടോ ബൂത്തുകളും ഡിജിറ്റലായി താളുകൾ മറിച്ചുവായിക്കാവുന്ന കിയോസ്കുകളും പവലിയനിലുണ്ട്. ‘വേരുകളിൽനിന്ന് ലോകത്തേക്ക്’ എന്ന പേരിൽ 2014 മുതൽ 2025 വരെയുള്ള ആയുഷ് മേഖലയിലെ 11 വർഷത്തെ മാറ്റങ്ങൾ വിവരിക്കുന്ന പുസ്തകം ഉൾപ്പെടെ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങൾ കിയോസ്കുകളിൽ വായിക്കാം.
സൗജന്യ ഹോമിയോപ്പതി ഒപിയും ഭക്ഷണപ്രദർശനവും
ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി വിഭാഗങ്ങളിൽ ഡോക്ടർമാരെ കാണാം. പരിശോധനയ്ക്കുശേഷം മരുന്നും നൽകും. യോഗ, പ്രകൃതിചികിത്സ എന്നിവയിൽ വിദഗ്ധോപദേശവും ഡ്രൈ കപ്പിങ് സേവനവും ലഭ്യമാണ്. നവംബർ 24നും 25നും കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ നടത്തിയ ഒപിയിൽ സന്ദർശകർക്ക് സൗജന്യ പരിശോധനയും മരുന്നും നൽകി. ആയുർവേദരീതിയിൽ തയ്യാറാക്കിയ കുക്കികൾ, ഔഷധസസ്യ ഉൽപ്പന്നങ്ങൾ, യുനാനി ഉൽപ്പന്നങ്ങൾ, പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. ‘ദാദി സേ പൂഛോ’, ‘മില്ലെറ്റ്സ് ഓൺ ദി വീൽ’ എന്നീ പരിപാടികൾ പരമ്പരാഗത ഭക്ഷണരീതികളും ചെറുധാന്യങ്ങളുടെ ഗുണങ്ങളും പരിചയപ്പെടുത്തുന്നു.
ഔഷധച്ചെടികൾ നേരിൽ കാണാം, തൈകൾ സൗജന്യമായി ലഭിക്കും
ദേശീയ ഔഷധസസ്യ ബോർഡ് ജീവനുള്ള ഔഷധച്ചെടികൾ പ്രദർശിപ്പിക്കുകയും തൈകൾ സൗജന്യമായി നൽകുകയും ചെയ്യുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്ത് ചെടികളെക്കുറിച്ച് കൂടുതൽ അറിയാം. അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സാധാരണ ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പരിചയപ്പെടുത്തുന്നു. വിദഗ്ധരുടെ നിർദേശത്തോടെ അവ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിക്കുന്നു. ആയുർവേദം, യോഗയും പ്രകൃതിചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഗവേഷണ കൗൺസിലുകളും ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രദർശിപ്പിക്കുന്നുണ്ട്. പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ച് അവബോധം വളർത്താനും രോഗപ്രതിരോധ പരിചരണവും ആരോഗ്യകരമായ ജീവിതശീലങ്ങളും പ്രോത്സാഹിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണ് മേളയിലെ പങ്കാളിത്തം. രാജ്യത്തെ ആരോഗ്യപരിചരണം മെച്ചപ്പെടുത്തുന്നതിൽ ഗവേഷണം, വിദ്യാഭ്യാസം, പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ പങ്കും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
.