ഗോവ / 2026 / നവംബർ 26

അസ്തമയത്തോടെ ഗോവയിലെ അമ്പത്തിയേഴാമത് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മറ്റൊരു താളമാണ്. മണ്ഡോവി നദിക്കു മുകളിൽ സൂര്യൻ താഴുകയും പനജിയിലെ തെരുവുകളിൽ വെളിച്ചം തെളിയുകയും ചെയ്യുന്നതോടെ തുറസ്സായ സിനിമാ പ്രദർശനങ്ങളും കലാപരിപാടികളും തുടങ്ങും. പകൽ സിനിമാ പ്രദർശനങ്ങളും മാസ്റ്റർ ക്ലാസുകളും ചുവപ്പു പരവതാനിയിലെ താരസാന്നിധ്യവും സിനിമാ ചർച്ചകളുമാണ്. വൈകുന്നേരമാകുമ്പോൾ നാട്ടുകാരും സന്ദർശകരും ചലച്ചിത്ര പ്രവർത്തകരും ചേരുന്ന മറ്റൊരു ആഘോഷത്തിന് തുടക്കമാകും. നവംബർ 20 മുതൽ 28 വരെയാണ് മേള.

തുറന്ന ആകാശത്തിനു കീഴിൽ സിനിമ
മിറാമർ ബീച്ചിലും മഡ്ഗാവിലെ രവീന്ദ്ര ഭവനിലും വഗത്തോർ ബീച്ചിലെ ഹെലിപാഡ് പരിസരത്തും തുറസ്സായ സിനിമാ പ്രദർശനമുണ്ട്. വൈകിട്ട് ഏഴു മുതൽ രാത്രി പത്തുവരെയാണ് തിരഞ്ഞെടുത്ത സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഗോവയുടെ തുറന്ന ആകാശത്തിനു കീഴിൽ നാട്ടുകാർക്കും സന്ദർശകർക്കും സിനിമാപ്രേമികൾക്കും ഒരുമിച്ചിരുന്ന് സിനിമ കാണാം. കൂടുതൽ ആളുകളിലേക്ക് സിനിമ എത്തിക്കാനും എല്ലാവർക്കും മേളയിൽ പങ്കുചേരാൻ അവസരമൊരുക്കാനുമാണ് ഈ പ്രദർശനങ്ങൾ.

മണ്ഡോവി തീരത്ത് ഗോവയുടെ കലയും പനജിയിൽ പരേഡും
മണ്ഡോവി തീരത്തെ നടപ്പാതയിൽ നടക്കുന്ന റോംടാമെൽ കലാപരിപാടികൾ ഗോവയുടെ സമ്പന്നമായ കലാപാരമ്പര്യം പരിചയപ്പെടുത്തുന്നു. നവംബർ 23 മുതൽ 27 വരെയുള്ള കാലയളവിൽ നാല് സായാഹ്നങ്ങളിലായി ഏഴ് കലാസംഘങ്ങൾ വേദിയിലെത്തും. ലോകസിനിമയ്ക്കൊപ്പം ഗോവയുടെ തനത് കലാരൂപങ്ങളും എത്തുന്നതാണ് ഈ രാജ്യാന്തര മേളയ്ക്ക് സംസ്ഥാനം നൽകുന്ന വേറിട്ട മുഖം.
നവംബർ 25ന് ‘സിനിമയുടെ ആനന്ദം ആഘോഷിക്കാം’ എന്ന പ്രമേയത്തിൽ മേളയുടെ പരേഡ് നടക്കും. എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവയുടെ ആസ്ഥാനത്തുനിന്ന് പനജിയിലെ കലാ അക്കാദമി വരെയാണ് പരേഡ്. വർണാഭമായ നിശ്ചലദൃശ്യങ്ങളും കലാപരിപാടികളും നാട്ടുകാരുടെ പങ്കാളിത്തവുമുണ്ടാകും. മേളവേദികൾക്കു പുറത്തേക്കും ആഘോഷം എത്തുന്നതോടെ നാട്ടുകാർക്കും സന്ദർശകർക്കും അതിൽ പങ്കുചേരാം.
ഒരു സിനിമാ ചർച്ചയിൽനിന്ന് പുതിയ കൂട്ടുകെട്ടിലേക്ക്
ചലച്ചിത്ര പ്രവർത്തകർക്കും പ്രതിനിധികൾക്കും കലാരംഗത്തേക്ക് കടന്നുവരുന്നവർക്കും ഈ സായാഹ്നങ്ങളിൽ പുതിയ പരിചയങ്ങൾക്കും ആശയങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ട്. നിശ്ചയിച്ച പ്രദർശനങ്ങളും ഔപചാരിക കൂടിക്കാഴ്ചകളും കഴിഞ്ഞാൽ അവർക്കു സ്വതന്ത്രമായി സംസാരിക്കാം. ഒരു സിനിമയെക്കുറിച്ചുള്ള ചർച്ച പല സംസ്കാരങ്ങളിലെ കാഴ്ചപ്പാടുകൾ പങ്കിടുന്നതിലേക്ക് നീളാം. ചലച്ചിത്ര പ്രവർത്തകർ തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച ഭാവിയിൽ ഒരുമിച്ച് സിനിമ ചെയ്യുന്നതിനും വഴിയൊരുക്കാം.
പ്രദർശനങ്ങൾ കഴിഞ്ഞും സന്നദ്ധപ്രവർത്തകരും സാങ്കേതിക സംഘങ്ങളും മാധ്യമപ്രവർത്തകരും സംഘാടകരും മേള സുഗമമായി നടത്താൻ ജോലി തുടരുന്നു. കാണികളുടെ ശ്രദ്ധയിൽ പലപ്പോഴും പെടാതെ പോകുന്ന ഈ പരിശ്രമവും മേളയുടെ പ്രധാന ഭാഗമാണ്.
വെളിച്ചത്തിൽ പനജിയും മേളവേദിയാകുന്നു
സൂര്യൻ അസ്തമിച്ചാൽ പനജിയുടെ രൂപംതന്നെ മാറും. ഇരുവശത്തും മരങ്ങൾ നിറഞ്ഞ വീഥികളിൽ സ്വർണനിറമുള്ള ചെറുവിളക്കുകൾ മേൽക്കൂരപോലെ വിരിയും. വെളിച്ചത്തിൽ തിളങ്ങുന്ന കെട്ടിടങ്ങളും വർണാഭമായ അലങ്കാരങ്ങളും മേളയുടെ തിരിച്ചറിയൽ ചിഹ്നമായ മയിൽരൂപങ്ങളും തെരുവുകൾക്ക് ഉത്സവഭാവം നൽകും. നഗരത്തിലെ കെട്ടിടങ്ങളും പൊതുഇടങ്ങളും മേളയുടെ ഭാഗമാവും. ഗോവയുടെ തനിമയും ലോകമെങ്ങുമുള്ള സിനിമാപ്രേമവും ചേരുന്ന ആഘോഷമായി മേള വളർന്നത് ഈ കാഴ്ചകളിൽ കാണാം.

തിരശ്ശീല വീണാലും കഥകൾ തുടരുന്നു
‘അതിരുകളില്ലാത്ത കഥകൾ’ എന്നാണ് ഈ വർഷത്തെ മേളയുടെ പ്രമേയം. നാടിന്റെയും ഭാഷയുടെയും അതിരുകൾ കടക്കുന്ന സിനിമ തിയേറ്ററിന്റെ ചുവരുകൾക്കപ്പുറത്തേക്കും എത്തുമെന്ന് മേളയുടെ രാത്രികൾ കാണിച്ചുതരുന്നു. തിരശ്ശീലയിൽ തെളിയുന്ന കഥകൾക്കൊപ്പം അവ തുടങ്ങിവയ്ക്കുന്ന സംഭാഷണങ്ങളും പുതിയ പരിചയങ്ങളും ചലച്ചിത്രമേളയെ ഓർമയിൽ നിർത്തുന്നു. സിനിമയുടെ അവസാന പേരെഴുത്ത് കടന്നുപോയാലും തിരശ്ശീല അടഞ്ഞാലും തിയേറ്ററിലെ വെളിച്ചം മങ്ങിയാലും ഗോവയിൽ സിനിമയുടെ ആഘോഷം തുടരും. ഇവിടെ മേളയുടെ ഘടികാരം നിലയ്ക്കുന്നില്ല.

നല്ല സിനിമകളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോൾ അവ കൂടുതൽ പേരിലേക്കെത്തും. ‘ഇഫി 2026’, ‘സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ എന്നീ ഹാഷ്ടാഗുകളിൽ സിനിമയോടുള്ള ഇഷ്ടം പങ്കിടാം. ഇൻസ്റ്റഗ്രാമിൽ ‘പിഐബി ഇന്ത്യ’, എക്സിൽ ‘പിഐബി അണ്ടർസ്കോർ ഇന്ത്യ’ എന്നീ പേരുകളിൽ ടാഗ് ചെയ്താൽ മേളയിലെ അനുഭവങ്ങൾ കൂടുതൽ പേരിലെത്തിക്കാൻ പത്രവിവര ബ്യൂറോ സഹായിക്കും. ചലച്ചിത്ര പ്രവർത്തകരുമായും മേളയിലെ ജൂറി അംഗങ്ങളുമായും നേരിട്ടുള്ള അഭിമുഖം വേണമെങ്കിൽ അംഗീകൃത മാധ്യമപ്രവർത്തകർക്കും നിരൂപകർക്കും ബ്ലോഗർമാർക്കും വ്ലോഗർമാർക്കും മേളയുടെ മീഡിയ ഡെസ്കിലേക്ക് ഇമെയിൽ അയക്കാം. ‘ടേക്ക് വൺ വിത്ത് പിഐബി’ എന്നാണ് ഇമെയിലിന്റെ വിഷയമായി നൽകേണ്ടത്.