ഹിമാലയൻ ഹിമാനികൾ ചുരുങ്ങിയില്ലാതാകുന്നു, 150 കോടി മനുഷ്യരെ ബാധിക്കും

ന്യൂഡൽഹി: ആഗോള താപനം മൂലം ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിലെ ഹിമപാളികൾ അതിവേഗം ഉരുകിത്തീരുകയാണെന്ന് പുതിയ പഠനം. ഹിന്ദുക്കുഷ് ഹിമാലയൻ മേഖല പാരിസ്ഥിതികമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്. ഏകദേശം 21 കോടി മനുഷ്യർ ഈ പ്രദേശത്ത് ജീവിക്കുന്നുണ്ട്. കൂടാതെ ഇവിടെ നിന്നുൽഭവിക്കുന്ന നദികളെ നേരിട്ടും അല്ലാതെയും ആശ്രയിക്കുന്നവരുടെ എണ്ണം 130 കോടിയോളം വരും. ഹിമാനികൾ ഇല്ലാതാകുന്നതു മൂലം ഹിമാലയൻ നദികൾ വരണ്ടുപോകുമെന്നും അത് ഇന്ത്യയും ചൈനയുമടക്കം നിരവധി രാജ്യങ്ങളിൽ ഭൂഗർഭ ജലശോഷണത്തിന് കാരണമാകുമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു.

‘നദികൾ വരളുമ്പോൾ ഭൂഗർഭ ജലനിരപ്പും കുറയും. നദികൾ വറ്റുമ്പോൾ മാത്രമേ അവ ഭൂഗർഭ ജലനിരപ്പിനെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളൂ’ പഠനസംഘത്തിലെ ഡോ.അഞ്ചൽ പ്രകാശ് ചൂണ്ടിക്കാട്ടി. ആഗോള താപനം ഇങ്ങനെ ഭൂഗർഭ ജലനിരപ്പിൻ്റെ ശോഷണത്തിനും കാരണമാകുമെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്, അഞ്ചൽ പ്രകാശ് പറയുന്നു .

ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൻ്റെ ഭാഗമായ ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയാണ് പഠനം നടത്തിയത്. ഒബ്സേർവർ റിസർച്ച് ഫൗണ്ടേഷനാണ് റിപ്പോർട് പ്രസിദ്ധീകരിച്ചത്. ഐ.പി.സി.സി റിപ്പോർടിലും ഹിമാലയം ഉരുകിത്തീരുന്നതിനെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →