കേരള നിഴല്‍ മന്ത്രിസഭ ജനാധിപത്യത്തിന്റെ മുന്നേറ്റം

കേരള നിഴല്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള ഹൈക്കോടതി ജസ്റ്റീസ് എന്‍ നഗരേഷ് നടത്തിയ പ്രസംഗത്തില്‍ നിന്ന്-

യോഗാധ്യക്ഷ അഡ്വ. ആശ, വേദിയിലിരിക്കുന്ന സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. ടി ഗോപകുമാര്‍, വൈസ്ചെയര്‍മാന്‍ ജേക്കബ് പുതുശ്ശേരി, മുന്‍ നഗരപിതാവ് കെ രാധാകൃഷ്ണന്‍, എന്‍റെ സുഹൃത്ത് അഡ്വ. ബിജു, സംഘാടക പ്രമുഖനായ അഡ്വ. ജോണ്‍ ജോസഫ്, എന്‍റെ മുന്നിലിരിക്കുന്ന മുതിര്‍ന്നവരേ, സഹോദരീ സഹോദരന്മാരേ…

ആമുഖത്തില്‍ ജോണ്‍ ജോസഫ് പറഞ്ഞ ഒരു കാര്യം ഞാന്‍ തിരുത്തിക്കൊള്ളട്ടെ. ഞാനൊരു സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു. പക്ഷേ, ഒരിക്കലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇതേവരെ അംഗത്വവും എടുത്തിട്ടില്ല. ഇനി എടുക്കാന്‍ സാധിക്കുകയില്ല. കാരണം ഞാന്‍ ന്യായാധിപനാണ്, രാഷ്ട്രീയം പാടില്ല.

1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1949ല്‍ നമ്മള്‍ ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കി. തുടര്‍ന്ന് ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി നമ്മള്‍ പ്രഖ്യാപിക്കുകയും ചെയതു. ജനാധിപത്യത്തിന്‍റെ ഏറ്റവും ഉയര്‍ന്ന മാനദണ്ഡമായിട്ടുള്ള പ്രായപൂര്‍ത്തി വോട്ടവകാശം- ഒരു ഡെമോക്രസിയുടെ പ്രധാനപ്പെട്ട ഘടകം അതാണ്. പ്രായപൂര്‍ത്തി വോട്ടവകാശം ജാതി, മത, ലിംഗ, ഭാഷ, പ്രദേശ വ്യത്യാസമെന്യേ എല്ലാ ജനങ്ങള്‍ക്കും നല്‍കി. 21 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വോട്ടവകാശമുണ്ട്. ജനാധിപത്യത്തിന്‍റെ ഉന്നതമായ ഒരു മാനദണ്ഡമാണ്. ഇങ്ങനെ നമുക്ക് ജനാധിപത്യം ലഭിച്ചപ്പോള്‍ ഇംഗ്ലണ്ട് മാത്രമല്ല യൂറോപ്പിലെ പല രാജ്യങ്ങളും ഒന്ന് സംശയിച്ചു. കാരണം ജനസംഖ്യയില്‍ മഹാഭൂരിപക്ഷം നിരക്ഷരരായിട്ടുള്ള, സാക്ഷരതയില്ലാത്ത ഒരു സമൂഹത്തില്‍ ഇത്രയും വലിയ ഒരു ഭരണഘടനയും പ്രായപൂര്‍ത്തി വോട്ടവകാശവും നല്‍കിക്കഴിഞ്ഞാല്‍ ഈ ജനാധിപത്യം നിലനില്‍ക്കുമോ? അതും ഭാഷാപരമായിട്ടും സാംസ്കാരികമായിട്ടും സാമുദായികമായിട്ടും മതപരമായിട്ടും ഭക്ഷണക്രമത്തിലും വേഷവിധാനത്തിലുമൊക്കെ വലിയ വ്യത്യാസങ്ങളുള്ള ഇന്ത്യ, അല്ലെങ്കില്‍ 47വരെ നാട്ടുരാജ്യങ്ങളായിരുന്ന ഇന്ത്യ എന്നുപറയുന്ന ഒരു രാജ്യത്ത് 47ല്‍ ഔദ്യോഗികമായിട്ട് കടലാസ്സില്‍ ഒരു ഭരണഘടന നല്‍കുകയും ചെയ്തപ്പോള്‍ ഇത് എത്രകാലം ഈ ഭരണഘടനയുമായി ഈ രാജ്യം ഒറ്റക്കെട്ടായി നിലനില്‍ക്കും എന്നുള്ള ഒരു ശങ്ക പരക്കെ ഉണ്ടായിരുന്നു. 47നുശേഷം ഇന്നുവരെ ഭാരതം അതുപോലെ നില്‍ക്കുന്നു. മറ്റു പല രാജ്യങ്ങളും ലോകരാഷ്ട്രങ്ങളും ഛിന്നഭിന്നമായിപ്പോയിട്ടുണ്ട്. യുഎസ്എസ്ആര്‍ ഇന്നില്ല, പല രാഷ്ട്രങ്ങളായിട്ട് മാറി. പക്ഷേ, ഇത്ര വിഭിന്നമായ സമ്പ്രദായങ്ങളുള്ള ഇന്ത്യ ഒരു രാജ്യമായിട്ടു നില്‍ക്കുന്നു.

രണ്ടാമത്, 47നുശേഷം ഇന്നുവരെ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് നടത്തുന്നു. ആ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ലളിതമായ അധികാര കൈമാറ്റവും നടക്കുന്നു. പലരാജ്യങ്ങളിലും- ജനാധിപത്യ രാജ്യങ്ങളെന്നു പറയുന്ന പലസ്ഥലത്തും നടക്കാത്ത കാര്യങ്ങളാണ്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ വളരെ ലളിതമായി, സൈന്യം നിര്‍വഹണത്തിന്‍റെ കാര്യത്തില്‍ ഇടപെടുന്നില്ല. സുപ്രിംകോടതി ഇടപെടുന്നില്ല. സ്വതന്ത്ര്യമായി നില്‍ക്കുന്ന ഭരണഘടനാപരമായിട്ടുള്ള ജുഡീഷ്യറീ, എക്സിക്യൂട്ടീവ്, ലെജിസ്ളേറ്റീവ് അതുപോലെതന്നെ നിലനില്‍ക്കുന്നു, മുന്നോട്ട് പോകുന്നു. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുകയില്ലെന്നു സംശയിച്ചവരെ അസ്ഥാനത്താക്കിക്കൊണ്ട് ജനാധിപത്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഇന്നും സാക്ഷരത കുറഞ്ഞ ധാരാളം ആളുകള്‍ ഇന്ത്യയിലുണ്ട്. ഒരുപക്ഷേ അവരായിരിക്കാം ഭൂരിപക്ഷം. പക്ഷേ, ഇലക്ഷനില്‍ വോട്ട് ചെയ്യുമ്പോള്‍ കൃത്യമായിട്ട് പറയാന്‍ സാധിക്കുകയില്ല ജനവികാരം കൂടുതലോ കുറവോ പ്രതിഫലിക്കപ്പെടുന്നു. ഞാന്‍ ഇതുപറയാന്‍ കാരണം എന്തൊക്കെ ജനാധിപത്യത്തിന് ഗൗരവപരമായിട്ടുള്ള വെല്ലുവിളികള്‍ ഉണ്ട് എന്നു തോന്നിയിട്ടുണ്ടോ അപ്പോള്‍ സര്‍ക്കാരിനെ ജനങ്ങള്‍ വോട്ട് ചെയ്ത് മാറ്റിയിട്ടുണ്ട്. രണ്ടാമതൊരു കാര്യം ഒരു സംസ്ഥാനത്തെ ജനത പാര്‍ലമെന്‍റിലേക്കും നിയമസഭയിലേക്കും ഒരേസമയം ഇലക്ഷന്‍ നടക്കുന്ന ഘട്ടത്തില്‍ പാര്‍ലമെന്‍റിലേക്ക് ഒരു പാര്‍ട്ടിയെ തിരഞ്ഞെടുക്കുന്നു. അതേസമയം നിയമസഭയിലേക്ക് വേറൊരു പാര്‍ട്ടിയെ തിരഞ്ഞെടുക്കുന്നു. ഇതെല്ലാം കാണിക്കുന്നത് ജനാധിപത്യത്തിന് പക്വമായ ഒരു ജനത നമ്മുടെ നാട്ടില്‍ ഉണ്ട് എന്നുള്ളതാണ്. അവര്‍ക്കറിയാം എപ്പോള്‍, എന്നുവരെ ഒരു ഗവണ്‍മെന്‍റിനെ സഹിക്കാം. ആ സഹനശക്തിക്ക് അപ്പുറത്തേക്ക് പോയിക്കഴിഞ്ഞാല്‍ ആ ഗവണ്‍മെന്‍റിനെ തൂത്തുകളയും. ഇതൊക്കെയാണെങ്കിലും അഭിമാനത്തോടുകൂടി ഇന്ത്യന്‍ ജനാധിപത്യത്തെ കാണുമ്പോഴും ജനാധിപത്യം വിഭാവന ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന്‍റെ നെടുംതൂണുകള്‍ പാലിക്കുന്നുണ്ടോ, കൃത്യമായി അതിന് ശ്രമിക്കുന്നുണ്ടോ എന്നുചോദിക്കുമ്പോള്‍ ഒരുപക്ഷേ, നമുക്ക് നിരാശ തോന്നിയേക്കാം. നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കും തിരഞ്ഞെടുക്കുന്ന നമ്മുടെ പ്രതിനിധികളുടെ കര്‍ത്തവ്യം നിയമനിര്‍മാണമാണ്. പക്ഷേ, പലപ്പോഴും നിയമനിര്‍മാണം സഭയിലോ പാര്‍ലമെന്‍റിലോ വരുമ്പോള്‍ ഹാജര്‍ നിലവാരം ഏറ്റവും കുറവ് അപ്പോഴായിരിക്കും. ഈ നിയമം നിര്‍മിക്കുമ്പോള്‍ അതിന്‍റെ പകര്‍പ്പെല്ലാം പലതവണ വായിച്ച് അതിലെന്തെങ്കിലും തെറ്റുകളുണ്ടോ, സമൂഹത്തെ എങ്ങനെ ബാധിക്കും എന്ന് ഗാഢമായി ചിന്തിച്ച് അഭിപ്രായം പറയുന്ന സാമാജികരുടെ എണ്ണം എത്രയുണ്ടെന്ന് നമുക്കറിയാം. എംഎല്‍എ ഫണ്ടും എംപി ഫണ്ടും കൃത്യമായി വിനിയോഗിക്കുക, ജനങ്ങളുടെ പരാതികള്‍ എഴുതിവാങ്ങുക, അത് മന്ത്രിമാര്‍ക്ക് കൈമാറുക- ഇതാണ് ഒരു നിയമസഭ സാമാജികന്‍റെ ചുമതല എന്നു വിശ്വസിക്കുന്ന സാമാജികരാണെന്നു തോന്നുന്നു നമ്മുടെ കൂട്ടത്തിലുള്ളത്. ഈയൊരു ആശയത്തിലാണ് ഈ നിഴല്‍ മന്ത്രിസഭ എന്നുള്ള ഒരു (ടവമറീം അലൈായഹ്യ) എന്ന ആശയത്തിന് പ്രാധാന്യം വരുന്നത്. തീര്‍ച്ചയായും ഒരു ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ മികവ് വിലയിരുത്താന്‍ പലപ്പോഴും സാധാരണക്കാര്‍ക്കു സാധിക്കില്ല. വൈകാരികമായി പ്രതികരിക്കാനേ അവര്‍ക്കറിയൂ. എന്നാല്‍, മന്ത്രിസഭ ഇന്നത്തെ സാഹചര്യത്തില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്, ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ടോ, അത് കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ, പ്രാബല്യത്തില്‍ വരുന്നുണ്ടോ- ഇങ്ങനെയുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ശക്തിയുള്ള വോട്ടര്‍മാരല്ല നമ്മുടെ നാട്ടിലുള്ളവര്‍. അതിന് കഴിവുള്ളവര്‍ ആ മേഖലയിലേക്ക് തിരിഞ്ഞുനോക്കാറുപോലുമില്ല. നമുക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കും, അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അവരുടെ ഭരണം തൃപ്തികരമാണെങ്കില്‍ വീണ്ടും ജയിപ്പിക്കും, ഇല്ലെങ്കില്‍ മാറ്റി വോട്ട് ചെയ്യും.

ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ നീതിന്യായ വകുപ്പ്, നിയമ നിര്‍മാണസഭ, ഭരണനിര്‍വഹണ സമിതി ഇവയില്‍ സജീവ ജനകീയ നിരീക്ഷണം ആവശ്യമാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതമായി ചിന്തിക്കുന്ന, ഭാരതത്തിന്‍റെ അന്തസ്സത്തയില്‍ വിശ്വസിക്കുന്ന, ഭാരതത്തിന്‍റെ ഭരണഘടനയില്‍ വിശ്വസിക്കുന്ന, അതിന്‍റെ അവകാശങ്ങള്‍ അനുഭവിക്കുന്ന നമുക്കെല്ലാവര്‍ക്കും അത്തരത്തിലുള്ള ഒരു നിരീക്ഷണം ആവശ്യമാണ്. ആ നിലയ്ക്ക്, നാം തിരഞ്ഞെടുത്ത് വിടുന്നവര്‍ പലപ്പോഴും നീതിന്യായ വ്യവസ്ഥകളെപ്പറ്റി പറയുമ്പോള്‍ അവര്‍ പറയും, ഞങ്ങള്‍ നിയമസഭയോടും ജനങ്ങളോടും ഉത്തരം പറയേണ്ടതായുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേരളത്തിലടക്കം പോലീസ് കസ്റ്റഡിയില്‍ മരണം നടക്കുന്നു. ഇതിനൊടൊക്കെ ശരിയായ രീതിയില്‍ സര്‍ക്കാര്‍ പ്രതികരിക്കുന്നുണ്ടോ, അത് ഇല്ലാതാക്കാനുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരുന്നുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ട വിഷയമാണ്. വലിയ പാലങ്ങള്‍ പണിയുന്നു- നാലഞ്ച് വര്‍ഷത്തിനിടയില്‍ അതില്‍ വിള്ളലുകള്‍ വീഴുന്നു- അതിനെ സംബന്ധിച്ച് അന്വേഷണങ്ങള്‍ നടക്കുന്നു. എന്നാല്‍, അതിന്‍റെ കുറ്റക്കാരെ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തിയില്ലെങ്കില്‍ പിന്നെയാര് വിലയിരുത്തും. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനങ്ങളുടെ പരിശോധന അതിന് ആവശ്യമാണ്. അതിനുള്ള സംവിധാനങ്ങള്‍ വിദേശരാജ്യങ്ങളിലുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ അതില്ല. ആ നിലയ്ക്കാണ് നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിന് പ്രാധാന്യം കൈവരുന്നത്.

ഈ യോഗത്തിനെത്തിയിട്ടുള്ള, വേദിയിലും സദസ്സിലും ഇരിക്കുന്ന മിക്കവരെയും എനിക്കറിയാം. ഈ യോഗം നാലുമണിക്കാണെന്ന് പറഞ്ഞിരുന്നു. ഞാന്‍ എത്തിയത് 4.30നാണ്. കാരണം നമ്മുടെ നാട്ടില്‍ കൃത്യസമയത്ത് ആരുംതന്നെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്താറില്ല. പക്ഷേ, ഇവിടെയെത്തിയപ്പോള്‍ എന്‍റെ മനസ്സ് നിറഞ്ഞു. എന്‍റെ മുന്നിലിരിക്കുന്ന നിങ്ങളില്‍ 90 ശതമാനം പേരും ഏതെങ്കിലുമൊക്കെ സാമൂഹിക സംഘടനയുമായി ബന്ധപ്പെട്ട്, സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി സമയം നീക്കിവയ്ക്കുന്നവരാണ്. ഈ ആശയം, നിഴല്‍ മന്ത്രിസഭ നമ്മുടെ രാജ്യത്ത് സംശുദ്ധമായ ഒരു ഭരണമുണ്ടാവാനാണ്. എല്ലാ മേഖലകളിലും മികച്ച ഭരണമുണ്ടാവാന്‍ ഇത് സഹായിക്കും. ഒരു വര്‍ഷം തികഞ്ഞുവെന്നുള്ളത് സന്തോഷകരമായ കാര്യമാണ്. കഴിവുള്ളവരാണ് ഇതിന്‍റെ സ്ഥാനത്തിരിക്കുന്നതെന്നുള്ളതുകൊണ്ടുതന്നെ ഇത് ഭംഗിയായി മുന്നോട്ട് പോവുമെന്നുതന്നെയാണ് എന്‍റെ വിശ്വാസം.

ഭരണഘടന പറയുന്നതുപോലെയാണോ കാര്യങ്ങള്‍ നടക്കുന്നത്, ആളുകള്‍ ആഗ്രഹിക്കുന്ന പോലെയാണോ നടക്കുന്നത്, എവിടെ പിഴവുപറ്റി തുടങ്ങിയവ വിചിന്തനം ചെയ്ത് ജനങ്ങളിലെത്തിച്ച്, അധികാരകേന്ദ്രങ്ങളിലത് എത്തിക്കുകയും വേണം. എന്നാല്‍, ആ അഭിപ്രായങ്ങളെ രാഷ്ട്രീയമായോ വൈകാരികമായോ കണ്ടാല്‍ ഈ സംഘടനയുടെ പ്രസക്തി നഷ്ടപ്പെടും. ഇതിലൊരിക്കലും രാഷ്ട്രീയം പാടില്ല. നല്ലത് ഏത് പാര്‍ട്ടി ചെയ്താലും അത് പറയാന്‍ നമ്മള്‍ ധൈര്യം കാണിക്കണം. മറിച്ച് തെറ്റുകാണിച്ചാല്‍ അതിനെ വിമര്‍ശിക്കാനും കഴിയണം. നിഴല്‍ മന്ത്രിസഭയുടെ നിഗമനങ്ങള്‍ ഏതെല്ലാം വഴികളിലൂടെ ജനമധ്യത്തിലെത്തിക്കാന്‍ കഴിയുമോ അതിനുള്ള നടപടിയുണ്ടായാല്‍ അത് ഭാരതത്തിന്‍റെ ജനാധിപത്യത്തിന് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന ഒരു രാജ്യത്തിലേക്ക് വഴിതെളിയിക്കുമെന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.

Share

About ജസ്റ്റീസ് എന്‍. നാഗരേഷ്

View all posts by ജസ്റ്റീസ് എന്‍. നാഗരേഷ് →