ചലച്ചിത്രത്തിലെ കൊള്ളിയാൻ
ചക്രവാളത്തിൽ മറഞ്ഞു
…………………………………………….
നാടകത്തിൻ്റെ അരങ്ങിൽ നിന്ന് ചലച്ചിത്രത്തിൻ്റെ അക്കരപ്പച്ച തേടിപ്പോയ കെ.സി.കെ ജബ്ബാർ എന്ന കലാകാരൻ അങ്ങനെ ചക്രവാളത്തിൽ മറഞ്ഞു.
എഴുപതുകളിൽ മുഖ്യധാരാ മലയാള സിനിമയിൽ നായകനും ഉപനായകനുമായി നിറഞ്ഞു നിന്ന കെ.സി.കെ ജബ്ബാർ എന്ന സുനിൽ, ചലച്ചിത്രത്തിൻ്റെ വെള്ളിവെളിച്ചത്തിനു പുറത്തായപ്പോൾ ആരുമറിയാതെ ആൾക്കൂട്ടത്തിൽ തനിച്ചായി തൻ്റെ ദുരിതജീവിതം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.
കണ്ണൂർ വളപട്ടണം മന്നയിലെ മലഞ്ചരക്കു വ്യാപാരിയായിരുന്ന കെ.എസ്.മൊയ്തുവിൻ്റെയും മറിയുമ്മയുടെയും ഏകമകനായിരുന്നു ജബ്ബാർ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലെ അധ്യാപകനും കലാഗവേഷകനുമായ സി.എം.എസ് ചന്തേരയുടെ ‘ത്യാഗവേദി’ എന്ന നാടകത്തിലെ വേഷമാണ് ജബ്ബാറിൻ്റെ നടന വൈഭവം വെളിച്ചപ്പെടുത്തിയത്.ഇന്ത്യ – ചൈന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലുള്ള നാടകത്തിൽ ‘ജവാൻ വിജയൻ ‘ എന്ന കഥാപാത്രത്തെ ജനഹൃദയങ്ങളിൽ അനശ്വരനാക്കാൻ ജബ്ബാറിനു കഴിഞ്ഞു.നാട്ടുനാടകങ്ങളിൽ പല വേഷങ്ങളിൽ നിറഞ്ഞാടുന്നതിനിടയിലാണ് സിനിമയിൽ അഭിനയിക്കാൻ നടനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം ശ്രദ്ധയിൽപ്പെട്ടത്.ജബ്ബാറും ഒരു കൈ നോക്കാനുറച്ചു.അപേക്ഷയെഴുതി പോസ്റ്റ് ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഭിമുഖത്തിനുള്ള അറിയിപ്പുവന്നു.
ജബ്ബാർ, ചലച്ചിത്രമോഹങ്ങളുമായി മദിരാശിക്കു വണ്ടികയറി.മലയാള സിനിമയിലെ മഹാനടൻ സത്യൻ്റെ സഹോദരൻ എം.എം.നേശൻ സംവിധാനം ചെയ്യുന്ന ‘അക്കരപ്പച്ച’യാണ് സിനിമ. അഭിനയത്തിൽ വിജയിച്ച ജബ്ബാർ ആഹ്ലാദത്തിൻ്റെ കൊടുമുടിയിലെത്തി. സത്യൻ നായകനായ സിനിമയിൽ മകളുടെ വേഷത്തിൽ ജയഭാരതി.കാമുകനായ പട്ടാളക്കാരൻ്റെ വേഷമായിരുന്നു ജബ്ബാറിന്.നാടകത്തിലെ ജവാനിൽ നിന്ന് സിനിമയിലെ പട്ടാളക്കാരനിലേക്കുള്ള ഉയർച്ച!.
ഷൂട്ടിങ്ങ് തുടങ്ങുന്നതിനുമുമ്പ് സത്യൻ ജബ്ബാറിനെ വിളിച്ചു. ” ജബ്ബാർ…. ഇതു സിനിമയ്ക്കു പറ്റിയ പേരല്ല.ഞാൻ താങ്കൾക്കൊരു പേരിടുന്നു. നിങ്ങൾ ഇനി മുതൽ ‘സുനിൽ ‘ എന്നറിയപ്പെടും.” നാമകരണം നടത്തി സത്യൻ പറഞ്ഞു. അങ്ങനെ കണ്ണൂരിൻ്റെ ജബ്ബാർ മലയാള സിനിമയിലെ സുനിലായി മാറി. സത്യൻ്റെ പെങ്ങൾ ജാനമ്മയായി ജയഭാരതിയും; കാമുകനായ പട്ടാളക്കാരൻ വിജയൻ്റെ വേഷത്തിൽ സുനിലും ഈ ചിത്രത്തിൽ നിറഞ്ഞുനിന്നു.കിഴക്കൻ ബംഗാളിലെ ( ബംഗ്ലാദേശ്) യുദ്ധമുന്നണിയിൽ കാമുകനെ ഓർത്തുകൊണ്ട് ജാനമ്മ പാടുന്ന അതി മനോഹരമായ ഒരു ഗാനമുണ്ട് ‘അക്കരപ്പച്ച’യിൽ.
” ബംഗാൾ കിഴക്കൻ ബംഗാൾ
ആ ബംഗാളിൽ നിന്നൊരു ഗാനം
അങ്കപ്പറമ്പിൽ വെച്ചെൻ പ്രിയൻ
പാടിയൊരെന്നെക്കുറിച്ചുള്ള ഗാനം… “
ഇമ്പമാർന്ന ഈ ഗാനം ആലപിച്ചത് പി.മാധുരിയാണ്. പത്മാ നദിക്കരയിലെ പടകുടീരത്തിനുള്ളിൽ യുദ്ധം ചെയ്തു ജയിച്ച വിജയൻ്റെ ഗാനം ‘കാത്തിരിക്കൂ…
കാത്തിരിക്കൂ…. ‘ എന്നാണെന്നും ഞാൻ ഇവിടെ ; ഈ പമ്പാനദിക്കരയിൽ കാത്തിരിക്കുമെന്നും ജാനമ്മ പാട്ടിൽ പറയുന്നുണ്ട്.
പട്ടാളത്തിൽ നിന്ന് അവധിക്കു വന്ന വിജയൻ ജാനമ്മയോടൊത്തു പാടുന്ന പാട്ടാണ് ഗാനാസ്വാദകരുടെ എക്കാലത്തേയും പ്രിയ ഗീതം.
“ആയിരം വില്ലൊടിഞ്ഞു
ആരോമന മെയ്മുറിഞ്ഞു
ആശ്രമക്കിളി നിന്നെ എയ്തെയ്തെൻ്റെ
ആവനാഴിയിലമ്പു തീർന്നു…. “
യേശുദാസും മാധുരിയും ചേർന്നു പിടിയ ഈ ഗാനത്തിൻ്റെ ചിത്രീകരണം നടന്നത് എം.ജി.ആറിൻ്റെ ഉടമസ്ഥതയിലുള്ള സത്യാ സ്റ്റുഡിയോയിൽ വെച്ചാണ്.സുനിലും ജയഭാരതിയും അവിടത്തെ പൂന്തോട്ടത്തിലും പരിസരത്തും നിറഞ്ഞാടി അഭിനയിച്ച ഗാനരംഗം പ്രേക്ഷകർക്ക് ഹൃദ്യമായ ഒരോർമ്മയാണ്.വയലാറിൻ്റെ രചനയ്ക്ക് ദേവരാജൻ സംഗീതം പകർന്ന ഈ ചിത്രത്തിലെ നാലുഗാനങ്ങളും ഹിറ്റാണ്.
1972 ജൂലായ് 29 ന് റിലീസായ ‘അക്കരപ്പച്ച’ കണ്ണൂർ എൻ.എസ്സ് ടാക്കീസിലും ചിറക്കൽ പ്രകാശിലും പ്രദർശനത്തിനു വന്നപ്പോൾ ജനങ്ങൾ ഇടിച്ചു കയറിയത് സത്യനെ കാണാനായിരുന്നില്ല;നാട്ടുകാരനായ ജബ്ബാറിൻ്റെ പ്രകടനം വീക്ഷിക്കാനായിരുന്നു. ജയഭാരതിയോടൊന്നിച്ച് സ്വപ്ന കാമുകനായ നാട്ടുകാരൻ്റെ ഗാനരംഗം വെള്ളിത്തിരയിൽ തെളിഞ്ഞപ്പോൾ ജനങ്ങളൊന്നടങ്കം നിർത്താതെ കയ്യടിച്ചു.
സുനിൽ മലയാള സിനിമയിൽ ചുവടുകൾവെക്കുമ്പോഴാണ് മറ്റൊരു കണ്ണൂർക്കാരൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങി കോടമ്പക്കത്തെ സിനിമാ ലോകത്തേക്ക് കടന്നുവന്നത്. സിനിമയോടുള്ള അഭിനിവേശം മൂലം കേന്ദ്ര ഗവർമെൻറ് സർവ്വീസിലെ ഉദ്യോഗമുപേക്ഷിച്ച് സംവിധാനം പഠിക്കുകയും എഴുപതുകളിൽ സിനിമാരംഗത്ത് സജീവമാവുകയും ചെയ്ത കരിവെള്ളൂരിലെ പ്രേംജിത്ത്.
‘ഇണങ്ങാത്ത കണ്ണികൾ ‘ എന്ന പ്രേംജിത്തിൻ്റെ ചിത്രത്തിൽ നായകനായി വന്നത് സുനിൽ ആയിരുന്നു. കഥയും തിരക്കഥയും സംഭാഷണവും പ്രേംജിത്ത് തന്നെ നിർവഹിച്ച ചിത്രത്തിൽ സുനിലിനൊത്ത് തെലുങ്കുനടനായ രവികുമാർ, നാടക-സിനിമാരംഗത്തെ പ്രഗത്ഭ നടനും സംവിധായകനുമായ ഷാജി എന്നിവർ അഭിനയിച്ചു.പാലക്കാട് അകത്തേത്തറയിൽ വെച്ചായിരുന്നു ഔട്ട്ഡോർ ഷൂട്ടിങ്ങ്. നായകനായ ‘വാസു’വിൻ്റെ വേഷത്തിൽ സുനിലും ചങ്ങാതിയുടെ വേഷത്തിൽ ഷാജിയും. അനാഥമന്ദിരത്തിൽ വളർന്ന ഇരുവരും മുതിർന്നപ്പോൾ വഴിപിരിഞ്ഞു. തെരുവുഗായികകയോടൊപ്പം ജീവിച്ച വാസു, തൻ്റെ ചങ്ങാതി മാരകരോഗത്തിനടിപ്പെട്ട് ആശുപത്രിയാണെന്ന വിവരമറിഞ്ഞ് വാർഡിലേക്കോടി വരുന്ന ഒരു രംഗമുണ്ട്.കൂട്ടുകാരന് ബ്രെയിൻ ട്യൂമറാണെന്നറിഞ്ഞ് പൊട്ടിക്കരയുന്ന വാസുവിനെ, അഭിനയമികവിനാൽ സുനിൽ അനശ്വരനാക്കി. അകത്തേത്തറ അച്ചുതമേനോൻ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരായ രാമചന്ദ്രനും അച്ചുതനും, ആ പ്രദേശത്തുകാരൻ തന്നെയായ പത്മനാഭ വർമ്മയും ഈ ചിത്രത്തിലുണ്ട്.
” ‘ഇണങ്ങാത്ത കണ്ണികളി’ലെ വാസു, സുനിലിൻ്റെ അഭിനയ ജീവിതത്തിലെ ശക്തമായ റോളാണ്.നിർദ്ദേശിച്ചതിനേക്കാൾ ഭംഗിയായി കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള സുനിലിൻ്റെ കഴിവ് അപാരം തന്നെ. ഭാവനയുള്ള നടനാണദ്ദേഹം.കഥാപാത്രത്തോട് പ്രതിബദ്ധനായ ഇതുപോലുള്ള നടന്മാർ അപൂർവ്വമാണ്.സുനിലിൻ്റെ വിയോഗം വ്യക്തിപരമായി വലിയൊരു നഷ്ടമാണ്. “
സംവിധായകനായ പ്രേംജിത്ത് ആ പഴയ കാലത്തെ ഓർത്തുകൊണ്ടു പറഞ്ഞു.മദിരാശിയിൽ അടുത്തടുത്ത മുറികളിൽ താമസിച്ച പ്രേംജിത്തും സുനിലും ഉറ്റമിത്രങ്ങളായിരുന്നു.
‘ഇണങ്ങാത്ത കണ്ണികളി’ൽ ഭരണിക്കാവ് ശിവകുമാർ എഴുതിയ നാലു ഗാനങ്ങളുണ്ട്. കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ സംഗീതത്തിൽ യേശുദാസും വാണീജയറാമും പാടി. ‘കുങ്കുമപ്പൂവുപോൽ നിന്നധരം….’ എന്ന ഗാനം മനോഹരമാണ്. ഗുണസിങ്ങ് ഓർക്ക
സ്ട്രേഷൻ നിർവഹിച്ച ചിത്രത്തിൻ്റെ സിനിമോട്ടോഗ്രാഫർ, പിന്നീട് മദിരാശി ദൂരദർശനിലെ ജീവനക്കാരനായി മാറിയ ഇന്ദുകുമാറാണ്.
നാടക-സിനിമാരംഗത്തെ കഴിവുറ്റ നടൻ, തിരക്കഥാകൃത്ത്, മികച്ച വായനക്കാരൻ എന്നീ നിലകളിൽ സുനിൽ തിളങ്ങിനിന്ന കാലമായിരുന്നു എഴുപതുകൾ. അദ്ദേഹം ഒട്ടേറെ സിനിമകളിൽ വേഷമിട്ടു.നിരവധി ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി.ഐ.വി.ശശിയുടെ ‘അയൽക്കാരി’, എം.കൃഷ്ണൻ നായരുടെ ‘അശോകവനം’, ‘വിളക്കും വെളിച്ചവും ‘, പി.ഭാസ്ക്കരൻ്റെ ‘ജഗദ്ഗുരു ശങ്കരാചാര്യർ ‘, ഡി.കെ.പൊറ്റെക്കാടിൻ്റെ ‘പൂമ്പാറ്റ ‘, കെ.പി. ജയൻ്റെ ‘ഉരുക്കുമുഷ്ടികൾ ‘, ബേബിയുടെ ‘ശരവർഷം’, പി.സുരേന്ദ്രൻ്റെ ‘കുളപ്പടവുകൾ’, ‘ബാബുമോനി’ൽ പ്രേംനസീറിനൊപ്പം, കമൽ ഹാസനും ശ്രീദേവിക്കുമൊപ്പം ‘ആനന്ദം പരമാനന്ദം’, മമ്മൂട്ടി, സുകുമാരൻ, സെറീന വഹാബ് എന്നിവർക്കൊപ്പം ‘ശരവർഷം’…..
അങ്ങനെ അമ്പതോളം സിനിമകളിൽ സുനിൽ അഭിനയിച്ചു.
‘ശരവർഷം’, ‘ഉരുക്കുമുഷ്ടികൾ ‘, ‘കുളപ്പടവുകൾ’, ‘അനന്തം അജ്ഞാതം’ എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിൻ്റേതാണ്.
സത്യൻ, പ്രേംനസീർ, കെ.പി.ഉമ്മർ, സുകുമാരൻ, ശ്രീദേവി, ജയഭാരതി, സെറീനാ വഹാബ്, കമൽഹാസൻ, മമ്മൂട്ടി, ജനാർദ്ദനൻ എന്നിവരോടൊപ്പം അഭിനയിച്ച സുനിലിന് അഭിനയ മികവിന് പ്രേംനസീർ പുരസ്ക്കാരവും ലഭിച്ചു.
‘അക്കരപ്പച്ച’ തേടി എഴുപതുകളുടെ തുടക്കത്തിൽ മദിരാശിയിലെത്തിയ സുനിലിന്, എൺപതുകളുടെ ആദ്യപാദമായതോടെ അവിടെ പിടിച്ചു നിൽക്കാൻ പറ്റാത്ത സ്ഥിതിയായി. പതിയെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നു പുറത്തായ അദ്ദേഹം നാട്ടിലേക്കുള്ള വണ്ടി കയറി.
വർഷങ്ങൾ പലതു കഴിഞ്ഞു.കാലചക്രം തിരിഞ്ഞപ്പോൾ സ്വന്തം നാട്ടുകാർ പോലും തിരിച്ചറിയാതെ കണ്ണൂർ പുതിയ തെരുവിലും; ഭാര്യ സഫിയയുടെ മരണശേഷം താണയിലെ ക്വാർട്ടേഴ്സിലുമായി ഈ നടൻ്റെ ശിഷ്ടജീവിതം. പലവിധ രോഗങ്ങളാൽ വലഞ്ഞ സുനിൽ എഴുപതുകളിലെ ചലച്ചിത്ര ജീവിതത്തിൻ്റെ കറുപ്പിലും വെളുപ്പിലുമുള്ള ഓർമ്മകളിൽ ഒറ്റമുറിയിൽ ഏകാന്തനായിക്കഴിഞ്ഞു. തിരക്കഥയിലൂടെ സിനിമയിലേക്കു തിരിച്ചു വരണമെന്ന മോഹം ആ കലാകാരനിൽ തുടിക്കുന്നുണ്ടായിരുന്നു. സുരേഷ് ഗോപിയെ മനസ്സിൽ കരുതി സുനിൽ നാലുവർഷം മുമ്പ് ഒരു തിരക്കഥ പൂർത്തിയാക്കി.2015 ഏപ്രിൽ 13 ന് അദ്ദേഹം തൻ്റെ എഫ് ബി പേജിൽ ഇങ്ങനെ കുറിച്ചു:
” Its time to come back…. Have finished one script with Suresh Gopi in mind.”
പക്ഷേ, ആ കലാകാരൻ്റെ മോഹങ്ങൾ പൂവണിഞ്ഞില്ല.
അഭിനയ മുഹൂർത്തങ്ങളുടെ ചിത്രങ്ങളും പഴയ ഉപഹാരങ്ങളും നോക്കി കണ്ണീർതൂകിക്കഴിയവേ, പ്രമേഹരോഗം മൂർച്ഛിച്ച് സുനിൽ ആശുപത്രിയിലായി. ബ്ലാക്ക് ആൻ്റ് വൈറ്റ് കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന ആ നടൻ്റെ മരണ സമയത്ത് അടുത്തുണ്ടായിരുന്നത് ഏക മകൻ ജംഷീർ മാത്രം.