കൊച്ചി, 2026 ജൂൺ 24 –
കേന്ദ്രസർക്കാർ നടപ്പാക്കിയ വിവിധ തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് എച്ച്എംഎസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. ഇൻഡസ്ട്രിയൽ റിലേഷൻസ് നിയമം, സാമൂഹ്യ സുരക്ഷാ നിയമം, വ്യവസായ സുരക്ഷാ നിയമം, വേതന നിർണയ നിയമം എന്നിവയാണ് ആശങ്ക ഉയർത്തുന്നതെന്നും അദ്ദേഹം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ നിയമങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി സംസ്ഥാന സർക്കാർ സമാന്തര നിയമങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ അവകാശങ്ങളെയും തൊഴിൽ സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട സാധ്യതകളും ആശങ്കകളും വിശദമായി ചർച്ച ചെയ്യുന്നതിനായി ജൂലൈ അഞ്ചിന് എറണാകുളത്തെ ഐഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്നും അറിയിച്ചു. ‘ലേബർ കോഡുകൾ, പ്രത്യാഘാതങ്ങളും പ്രതിരോധവും’ എന്ന വിഷയത്തിലാണ് സെമിനാർ നടക്കുന്നത്.