തിരുവനന്തപുരം, 2026 ജൂൺ 13 –
സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടന യാത്രയ്ക്കായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള യാത്ര മുഖ്യമന്ത്രി ബസിൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ലെന്നും എല്ലാ വനിതകൾക്കും സൗജന്യ യാത്ര ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ പേരിൽ കെ.എസ്.ആർ.ടി.സിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും സമയത്ത് ലഭിക്കുന്ന കാര്യം സർക്കാർ പ്രധാന പരിഗണനയായി കാണുമെന്നും സി.പി. ജോൺ പറഞ്ഞു. കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചത് തന്നെ വാർത്തയാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയെന്നും കഴിഞ്ഞ പത്ത് വർഷമായി അത്തരം സാഹചര്യം നിലനിന്നിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സി പെൻഷൻകാരെ ജീവനക്കാരെപ്പോലെ പരിഗണിക്കുമെന്നും ജോലി ചെയ്തവരുടെ അവകാശമാണ് പെൻഷനെന്നും മന്ത്രി പറഞ്ഞു. 2018-ൽ സർക്കാർ 10.1 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത കാര്യം അദ്ദേഹം പരാമർശിച്ചു. പെൻഷൻകാരുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി കാണുമെന്നും വ്യക്തമാക്കി. തന്റെ ഓഫീസിലേക്കും വീട്ടിലേക്കും ആളുകൾക്ക് നേരിട്ട് വരാമെന്നും മന്ത്രി പറഞ്ഞു.