നെടുമങ്ങാട്, 2026 ജൂൺ 6 –
പൊതുനിരത്തുകളിൽ കച്ചവടം നടത്തുന്നവരുടെ കാര്യത്തിൽ സിപിഎം ഇരട്ടനീതി നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ ആരോപിച്ചു. റോഡ് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ നഗരസഭ അധികൃതരെ സിപിഎം പ്രവർത്തകർ തടഞ്ഞ സൂര്യ റോഡിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വികസനത്തിന്റെ പേരിൽ സിപിഎം അനുഭാവികളെ മാത്രം സംരക്ഷിക്കാനും മറ്റ് കച്ചവടക്കാരെ വഴിയാധാരമാക്കാനുമാണ് ശ്രമമെന്ന് യുവരാജ് ഗോകുൽ പറഞ്ഞു. തെരുവോരത്ത് കച്ചവടം നടത്തുന്ന അർഹരായ മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഴിയോര കച്ചവടക്കാരിൽ ചില പ്രാദേശിക സിപിഎം നേതാക്കളുടെ ബിനാമികളെ മാത്രം സംരക്ഷിക്കാനുള്ള നടപടികളിൽ നിന്ന് പാർട്ടി പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ ജനങ്ങൾ സംശയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി കെ. ഉദയകുമാർ, മണ്ഡലം ട്രഷറർ അനിൽ കുമാർ, ഒബിസി ജില്ലാ ജനറൽ സെക്രട്ടറി കുറക്കോട് ബിനു, ജില്ലാ കമ്മിറ്റി അംഗം സുനിലാൽ, കച്ചേരി ഏരിയ പ്രസിഡൻറ് സുരേഷ്, സെക്രട്ടറി അശോകൻ, ജയചന്ദ്രൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.