സിഡ്നി, 2026 ജൂൺ 6 –
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ നടപടികളിലൊന്നിൽ ലക്ഷത്തിലധികം വിദേശയിനം പാറ്റകളെ അധികൃതർ പിടികൂടി. ന്യൂ സൗത്ത് വെയിൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽ നിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരു ലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്. കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ട് ലക്ഷം ഓസ്ട്രേലിയൻ ഡോളർ, അതായത് ഏകദേശം 1.1 കോടി ഇന്ത്യൻ രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
പിടികൂടിയവയിൽ ഭൂരിഭാഗവും ലോകത്തിലെ ഏറ്റവും വലിയ പാറ്റവർഗങ്ങളിൽപ്പെടുന്ന മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകളും ദുബിയ കോക്രോച്ചുകളുമാണ്. ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ട് ഇനങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുള്ളതാണ്. രാജ്യത്തിന്റെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് പരിസ്ഥിതി, ജല മന്ത്രാലയം വ്യക്തമാക്കി.
മാരക രോഗങ്ങൾ പടർത്താൻ ശേഷിയുള്ള ഈ ജീവികളെ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകുന്നതിനായാണ് രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി വിറ്റിരുന്നത്. ഓൺലൈൻ വഴിയും ഇവയുടെ വിൽപ്പന നടന്നിരുന്നു. പിടിച്ചെടുത്ത എല്ലാ പാറ്റകളെയും പിന്നീട് കൂട്ടത്തോടെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.