തിരുവനന്തപുരം, മേയ് 29:
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളെ പൂർണമായും അവഗണിച്ച പ്രസംഗമാണ് .
കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒരു പരാമർശവും ഉണ്ടായില്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പല കാര്യങ്ങളും ഇതുമൂലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
2035 വരെ കേരളത്തിന്റെ സമഗ്ര വികസനത്തിനായി എൽഡിഎഫ് സർക്കാർ തയ്യാറാക്കിയ ബ്ലൂപ്രിന്റിനെക്കുറിച്ച് ഒരു സൂചന പോലും പ്രസംഗത്തിലില്ല. മുൻ സർക്കാർ വലിയ വികസന പദ്ധതികൾ പൂർത്തിയാക്കി ഖജനാവിൽ 5429 കോടി രൂപ നീക്കിയിരിപ്പോടെ അധികാരം കൈമാറിയതാണ്.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടത്തിലാണെന്ന തരത്തിൽ തെറ്റായ ചിത്രം സൃഷ്ടിക്കാൻ നയപ്രഖ്യാപനത്തിൽ ശ്രമിച്ചു. റിസർവ് ബാങ്ക് അംഗീകരിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ പൊതുകടം കുറഞ്ഞുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഫ്ബി, കുടുംബശ്രീ, പ്രവാസി മേഖല, പരമ്പരാഗത വ്യവസായങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും സർക്കാർ മൗനം പാലിച്ചുവെന്നാണ് വിമർശനം. പശ്ചിമേഷ്യൻ യുദ്ധം കേരളത്തെ ബാധിച്ച സാഹചര്യത്തിലും അതുമായി ബന്ധപ്പെട്ട നയപരമായ സൂചനകൾ ഇല്ലായിരുന്നു.
കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളെയോ റെയർ എർത്ത് ഖനന സ്വകാര്യവത്കരണത്തെയോ വിമർശിക്കാൻ സർക്കാർ തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെക്കുറിച്ചും ഒരു വിമർശനവുമില്ലായിരുന്നു.
അതേസമയം സർക്കാരിന്റെ തുടക്കമാണിതെന്നും, ജനക്ഷേമത്തിനും വികസനത്തിനും അനുകൂലമായ നടപടികൾക്ക് പ്രതിപക്ഷം പിന്തുണ നൽകുമെന്നും പിണറായി വ്യക്തമാക്കി. എന്നാൽ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.