വത്തിക്കാൻ സിറ്റി: വെനസ്വേലയുടെ പരമാധികാരം മാനിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ജനുവരി 4 ന് വത്തിക്കാൻ ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിലാണ് മാർപാപ്പ വെനസ്വേലയെ പരാമർശിച്ചത്.വെനസ്വേലൻ ജനതയ്ക്കുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നു പറഞ്ഞ മാർപാപ്പ, എല്ലാ വെനസ്വേലക്കാരെയും രാജ്യത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിനും രാജ്യത്തുനിന്നുള്ള വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്, കാർമെൻ റെൻഡൈൻസ് എന്നിവർക്കും മുമ്പാകെ സമർപ്പിക്കുന്നുവെന്നും പറഞ്ഞു. സമാധാനത്തിന്റെ ദൈവത്തിൽ നമുക്ക് തുടർന്നും വിശ്വസിക്കാം. യുദ്ധങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചും നമുക്ക് അവർക്കൊപ്പമാകാം-മാർപാപ്പ പറഞ്ഞു.
എല്ലാവരുടെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ബഹുമാനിക്കപ്പെടണം
“”വെനസ്വേലൻ ജനതയുടെ നന്മ നിലനിൽക്കണം. എല്ലാവരുടെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ബഹുമാനിക്കപ്പെടണം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമാധാനം ഉറപ്പുവരുത്തി, പാവപ്പെട്ടവർക്കു പ്രത്യേക ശ്രദ്ധ നൽകി, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റേതുമായ ഭാവി കെട്ടിപ്പടുക്കാൻ എല്ലാവരും പ്രവർത്തിക്കണം.” -മാർപാപ്പ പറഞ്ഞു.
