മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച്‌ രാജ്യം

.ഡല്‍ഹി: ചരിത്രത്തിന്റെ ഭാഗമായി മാറിയ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച്‌ രാജ്യം.ഡല്‍ഹി എയിംസില്‍ ഡിസംബർ 26 ന് രാത്രിയായിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ദീർഘകാലമായി സജീവ പ്രവർത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഔദ്യോഗിക ബഹുമതികളോടെ ഡിസംബർ 28 ന് സംസ്‌കാരം.

. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 27 ന് എഐസിസി ആസ്ഥാനത്ത് പൊതുദർശനം നടക്കും. ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്‌കാരം. രാജ്യത്തിന്റെ മഹാനായ പുത്രനെന്നാണ് മൻമോഹൻ സിങ്ങിന്റെ വിയോഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചത്. ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിച്ച നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ദീർഘദർശിയായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വഴികാട്ടിയെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധിയും സിങ്ങിന്റെ സത്യസന്ധത എപ്പോഴും പ്രചോദനമാണെന്ന് പ്രിയങ്ക ഗാന്ധിയും മരണത്തില്‍ പ്രതികരിച്ചു

പി.വി നരസിംഹ റാവുവിന്റെ നിർബന്ധത്തിനു വഴങ്ങി രാഷ്ട്രീയത്തിലെത്തി

സാമ്പത്തിക വിദഗ്ധനായ സിങ് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണു രാഷ്ട്രീയത്തിലെത്തുന്നത്. 1991ല്‍ രാജ്യസഭാ അംഗമായി. ഇതേ വർഷം തന്നെ നരസിംഹ റാവു സർക്കാരില്‍ ധനമന്ത്രിയുമായി. 1998 മുതല്‍ 2004 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു. 2004ലാണ് ആദ്യ യുപിഎ സർക്കാരില്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 2009ല്‍ യുപിഎയുടെ രണ്ടാം ഊഴത്തിലും പ്രധാനമന്ത്രിയായി. നീണ്ട 33 വർഷത്തെ പാർലമെന്റ് ജീവിതത്തിനുശേഷം 2024 ഏപ്രിലിലാണ് രാജ്യസഭയില്‍നിന്ന് വിരമിക്കുന്നത്.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഗാഹിലാണ് മൻമോഹൻ സിങ്ങിന്റെ ജനനം.

1932 സെപ്റ്റംബർ 26ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഗാഹിലാണ് മൻമോഹൻ സിങ്ങിന്റെ ജനനം. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. ഇവിടെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബ് സർവകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി. കേംബ്രിഡ്ജ് സർവകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്‌ഡിയും പൂർത്തിയാക്കി.

1982ല്‍ റിസർവ് ബാങ്ക് ഗവർണറായി.

കേന്ദ്ര ധനവകുപ്പില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും റിസർവ് ബാങ്ക് ഡയറക്ടറുമായിരുന്ന അദ്ദേഹം 1982ല്‍ റിസർവ് ബാങ്ക് ഗവർണറുമായി. കേന്ദ്ര ആസൂത്രണ കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ, ജനീവയിലെ സൗത്ത് കമ്മിഷൻ സെക്രട്ടറി ജനറല്‍, പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ സാമ്ബത്തിക ഉപദേഷ്ടാവ്, യുജിസി ചെയർമാൻ എന്നീ പദവികളും വഹിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →