വെംബ്ലി: എഫ്.എ കപ്പിൽ ആഴ്സണലിന് മിന്നുന്ന ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയെ തോൽപ്പിച്ചാണ് അർട്ടേറ്റയുടെ ശിഷ്യൻമാർ ചാമ്പ്യൻമാരായത്. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഗണ്ണേഴ്സിന് ഇത് ശക്തമായ തിരിച്ചുവരവായി മാറി.
സീസണിലെ ഗോളടിയന്ത്രമായ ഒബമയാംഗിന്റെ ഉജ്ജ്വല ഫോമാണ് ആഴ്സണലിന് തുണയായത്. കളിയുടെ അഞ്ചാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ ആദ്യം വല കുലുക്കിയത് ചെൽസി ആയിരുന്നു. 28-ാം മിനുറ്റിൽ ഒരു പെനാൽറ്റിയിലൂടെയും 67-ാം മിനുറ്റിൽ വേഗതയേറിയ മറ്റൊരു ഗോളിലൂടെയും ഒബമായെങ് ചെൽസിയുടെ പരാജയം ഉറപ്പാക്കി. വെംബ്ലി സ്റ്റേഡിയത്തിലെ ഫൈനലുകൾ ആഴ്സണലിനെ ചതിക്കാറില്ലെന്ന് അങ്ങനെ ഒരിക്കൽ കൂടി തെളിച്ചു. കോച്ച് അർട്ടേറ്റയുടെ കരിയറിലെ ആദ്യ കിരീട നേട്ടം കൂടിയാണിത്.
എഫ് എ കപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയത് ആഴ്സണൽ ആണ്.
ഈ കിരീട നേട്ടത്തോടെ ആഴ്സണലിന് അടുത്ത വർഷത്തെ യൂറോപ്പാ ലീഗിന് യോഗ്യത ലഭിച്ചു.

