തൃശൂർ: തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പിനു പിന്നിൽ ജയരാജൻ ഉൾപ്പെടുന്ന കണ്ണൂർ ലോബിയാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.ഇ.പി. ജയരാജൻ തൃശൂരിൽ എത്തിയതോടെയാണ് ഇവിടത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ നാശം തുടങ്ങിയത്. സി.പി.എമ്മിന്റെ കൊള്ളയിൽനിന്നും സഹകരണ ബാങ്കുകളെ സംരക്ഷിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് അബ്ദുള്ളകുട്ടി തൃശ്ശൂരിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പോലെ സഹകരണമേഖലയെ തകർക്കാനല്ല കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കൊള്ളക്കാരുടെ കൈയിൽനിന്നും സംരക്ഷിക്കാനാണ്. സഹകരണ ബാങ്കുകളിൽ സി.പി.എം. നടത്തുന്ന തട്ടിപ്പും വെട്ടിപ്പും പുറത്ത് വരുമെന്ന ഭയം മൂലമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കെവൈസി നിയമം നടപ്പിലാക്കാത്തതെന്നും ഇപ്പോൾ നടക്കുന്ന ഇ.ഡി. അന്വേഷണത്തെ ഭയക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
സഹകരണ ബാങ്കുകളെ ആർ.ബി.ഐയുടെ കീഴിൽ കൊണ്ടുവരണമെന്നും കെവൈസി നിയമം നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന് കക്കാനും നിക്കാനും അറിയാം. അണികളെ ചാവേറുകളാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്. ചാവേറുകൾ നേതാക്കളെ എന്നും സംരക്ഷിക്കും. ഇവർ സത്യം തുറന്ന് പറഞ്ഞാൽ കണ്ണൂരിലെ പല കൊലപാതകങ്ങളിലും പ്രതികളാകുന്നത് നേതാക്കളായിരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളത്തെ പിടിച്ചുലച്ച സ്വർണക്കടത്തു കേസിലെ ഐ.എ.എസ്. ചാവേറാണ് ശിവശങ്കരൻ. അയാൾ സത്യങ്ങൾ വെളിപ്പെടുത്തിയാൽ അകത്താകുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പത്രസമ്മേളനത്തിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ, മധ്യമേഖല പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം ബി. രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

