ആറ്റിങ്ങൽ: പൊലീസിനെ ആക്രമിച്ച കേസിൽ എട്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ. ഗൗരി, സതി, ഷെഫിന, മഞ്ചമി, സഹസ്ര, കനക അനിൽകുമാർ, സായുജ്യ, നയന എന്നിവരാണ് പിടിയിലായത്. ചൊവാഴ്ച പുലർച്ച 2.30ന് ആറ്റിങ്ങൽ മാമം ഗ്രൗണ്ടിനു സമീപത്താണ് സംഭവം. ആറ്റിങ്ങൽ മാമം ഭാഗത്ത് ട്രാൻസ്ജൻഡേഴ്സ് കൂട്ടമായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും അക്രമവും നടത്തുന്നതായി പൊലീസിന് നിരന്തരം പരാതി ലഭിക്കുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ച കടയ്ക്കാവൂർ സി.ഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ പട്രോളിങ് സംഘം മാമം ചന്തക്കു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നിന്നവരെ ചോദ്യംചെയ്തപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങൽ എസ്.ഐ അഭിലാഷിനെ കൈയേറ്റം ചെയ്ത് യൂനിഫോം വലിച്ചു കീറി. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ചു. പൊലീസ് വാഹനത്തിന്റെ പിന്നിലെ ചില്ല് എറിഞ്ഞു തകർക്കുകയും ചെയ്തു. ആറ്റിങ്ങൽ സി.ഐ മുരളികൃഷ്ണന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്

