പ്രഗ്യാൻ റോവറിന് പിന്നാലെ വിക്രം ലാൻഡറും സ്ലീപ് മോഡിലേക്ക്.

.ശ്രീഹരിക്കോട്ട: 2023 സെപ്തംബർ 4 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വിക്രം ലാൻഡറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയതായി ഐ.എസ്.ആർ.ഒ. അറിയിച്ചു: “ഇന്ന് ഇന്ത്യൻ സമയം രാവിലെ എട്ട് മണിക്ക് വിക്രം ലാൻഡർ സ്ലീപ് മോഡിലേക്ക് പ്രവേശിച്ചു. പുതിയ സ്ഥാനത്ത് നിന്ന് പേലോഡുകൾ നടത്തിയ പര്യവേക്ഷണവിവരങ്ങൾ അതിനുമുമ്പേ ഭൂമിയിലെത്തിക്കഴിഞ്ഞു. പേലോഡുകളും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അതേസമയം ലാൻഡറിന്റെ റിസീവറുകൾ ഓൺ ആണ്. സൗരോജ്ജം കുറയുന്നതിനനുസരിച്ച് ബാറ്ററിയുടെ ചാർജ് കുറയുന്നതോടെ പ്രഗ്യാന് പിന്നാലെ വിക്രമും ഉറക്കത്തിലേക്ക് നീങ്ങും. 2023 സെപ്റ്റംബർ 22 ഓടെ ഇരുവരും നിദ്ര വിട്ടുണരുമെന്ന് പ്രതീക്ഷിക്കുന്നു”.

ചന്ദ്രനിലിറങ്ങുന്നതിന് മുമ്പും ശേഷവും ലാൻഡർ പകർത്തിയ ചിത്രങ്ങൾ ഇതോടൊപ്പം- ഐഎസ്ആർഒ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ പോസ്റ്റിന് മുമ്പ് ഐഎസ്ആർഒ പങ്കുവെച്ച മറ്റൊരു കുറിപ്പിൽ ലാൻഡർ ഒരുവട്ടം കൂടി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതായി അറിയിച്ചിരുന്നു. എൻജിനുകൾ പ്രവർത്തിപ്പിച്ച് ലാൻഡർ 40 സെന്റിമീറ്ററോളം ചന്ദ്രോപരിതലത്തിൽ നിന്ന് (ശിവശക്തി പോയന്റ്) ഉയർന്നുപൊങ്ങിയ ശേഷം 30-40 സെന്റിമീറ്റർ അകലെയായി സുരക്ഷിതമായി വീണ്ടും ലാൻഡ് ചെയ്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. അതിനുശേഷമാണ് ലാൻഡർ സ്ലീപ് മോഡിലേക്ക് മാറിയത്..

ലാൻഡറിന്റെ കുതിച്ചുചാട്ടത്തിനിടെ ചന്ദ്രോപരിതലത്തിലെ പൊടിപടലം ഉയർന്നുപൊങ്ങുന്നത് ഐഎസ്ആർഒ പങ്കുവെച്ച വീഡിയോയിൽ വ്യക്തമായി കാണാം. എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുവെന്നും ലാൻഡറിന് യാതൊരു തകരാറുമില്ലെന്നും ലാൻഡറിന്റെ കുതിപ്പും സുരക്ഷിതമായ ലാൻഡിങ്ങും വ്യക്തമാക്കുന്നതായും ഭാവിദൗത്യങ്ങൾക്ക് ഇത് കൂടുതൽ പ്രതീക്ഷയും വിശ്വാസവും പകരുന്നതായും ഐഎസ്ആർഒ കൂട്ടിച്ചേർത്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →