ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെ ജെയിംസ് ബോണ്ടിനോട് ഉപമിച്ച് തൃണമൂൽ കോൺഗ്രസ്.

കൊൽക്കത്ത: ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരേ വിമർശനം കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാളിലെ ഏഴ് സർവകലാശാലകളിൽ ഇടക്കാല വൈസ് ചാൻസലർമാരെ നിയോഗിച്ച സംഭവത്തിലാണ് വിമർശനം . രാജ്ഭവൻ ഏകാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല സംവിധാനത്തെ ഇത് നശിപ്പിക്കുമെന്നും ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു കുറ്റപ്പെടുത്തി. 2023 സെപ്തംബർ 3 ഞായറാഴ്ചയാണ് വൈസ് ചാൻസലർമാരെ നിയോഗിച്ച് ​ഗവർണർ ഉത്തരവിറക്കിയത്.. അക്കാദമിക പശ്ചാത്തലമില്ലാത്തവരെ വിസിയായി നിയമിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണറുടെ നടപടിയെ ചോദ്യംചെയ്തിരുന്നു.

അതേസമയം വൈസ് ചാൻസലർമാർക്ക് അക്കാദമിക പശ്ചാത്തലം ആവശ്യമില്ലെന്നാണ് സർവ്വകലാശാല ചട്ടങ്ങളിൽ പറയുന്നതെന്നാണ് ഗവർണറുടെ ഓഫീസിന്റെ വാദം.പ്രസിഡൻസി യൂണിവേഴ്‌സിറ്റി, മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ബർദ്വാൻ യൂണിവേഴ്‌സിറ്റി, നേതാജി സുബാഷ് ഓപ്പൺ യൂണിവേഴ്‌സിറ്റി വെസ്റ്റ് ബംഗാൾ യൂണിവേഴ്‌സിറ്റി ഓഫ് ആനിമൽ ആൻഡ് ഫിഷറീസ് സയൻസ് തുടങ്ങിയ ഇടങ്ങളിലാണ് പുതിയ ഇടക്കാല വി.സിമാരെ നിയോഗിച്ച് ഗവർണർ ഉത്തരവിറക്കിയത്.

ഗവർണർ സിവി ആനന്ദബോസിനെ ജെയിംസ് ബോണ്ടിനോട് ഉപമിച്ചുകൊണ്ടായിരുന്നു മന്ത്രി ബ്രത്യ ബസുവിന്റെ വിമർശനം. സംസ്ഥാനത്തെ മുൻ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഇതിലും ഭേദമായിരുന്നുവെന്നും ബ്രത്യ ബസു പറഞ്ഞു.’നേരത്തെയുള്ള ഗവർണർ ഫയലുകളെങ്കിലും നീക്കാറുണ്ടായിരുന്നു. ഞാൻ ഒരു ഫയൽ അയച്ചാൽ അദ്ദേഹം അതിൽ ഒരു കുറിപ്പ് അയക്കും. അതിന് ഒരുമറുപടിക്കുറിപ്പ് ഞാൻ തിരിച്ചും അയക്കും. വിയോജിപ്പുണ്ടെങ്കിൽ പരസ്പരം വാദിക്കും. മുതിർന്ന അഭിഭാഷകനായാതിനാൽ അദ്ദേഹത്തിന് നിയമം അറിയാം. അന്ന് ചർച്ചയും സംസാരവുമെല്ലാം ഉണ്ടായിരുന്നു. ഇന്നത്തെ പോലെ ആയിരുന്നില്ല കാര്യങ്ങൾ. ധൻകറുമായി സംസാരിക്കുമ്പോഴെല്ലാം മേശയ്ക്ക് ഇരുവശത്തും ഇരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. നിയമത്തെക്കുറിച്ച് ഞങ്ങൾ പരസ്പരം വാദിച്ചു. ഇതെല്ലാം നടന്നത് മുഖാമുഖമാണ്. അദ്ദേഹം ജെയിംസ്‌ ബോണ്ടിനെ പോലെ നിശബ്ദനായ ഓപ്പറേറ്ററായിരുന്നില്ല’- ബ്രത്യ ബസു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →