ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരേ പോരാടുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന് കാലം അവധിയായി കണക്കാക്കരുതെന്നും ക്വാറന്റൈന് കാലത്തുള്ള ശമ്പളം നല്‍കണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.
ശമ്പളം യഥാസമയം നല്‍കണമെന്ന നിര്‍ദേശം മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍, സംസ്ഥാനങ്ങള്‍ ഉത്തരവ് അനുസരിക്കാതിരിക്കുന്നത് കേന്ദ്രം നിസ്സഹായതയോടെ കാണരുതെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. കോവിഡ്- 19 ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടേയും ശമ്പളം യഥാസമയം നല്‍കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. സംസ്ഥാനങ്ങള്‍ ഉത്തരവ് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേസ് ഓഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും.