കാസർകോട്: കാഞ്ഞങ്ങാട് ഐസ്ക്രീം പാർലറിൽ വച്ച് വിദ്യാർഥിനികളെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കൾ പൊലീസിൽ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശിയും 21കാരനുമായ ഷഹീർ, സുഹൃത്തുക്കളായ റംഷീദ്, മുബീൻ, അർഷാദ് എന്നിവരാണ് കീഴടങ്ങിയത്. 2023 ജൂൺ 26ന് വൈകീട്ട് നാല് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം . മുൻകൂർ ജാമ്യത്തിനായി ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പൊലീസിന് മുൻപാകെ കീഴടങ്ങാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
.കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്തെ ട്യൂഷൻ സെന്ററിൽ നിന്ന് ഇറങ്ങിയ 15 വയസിന് താഴെയുള്ള ഏതാനും വിദ്യാർഥിനികൾ തൊട്ടടുത്തുള്ള ഐസ്ക്രീം പാർലറിൽ കയറി. ഇത് കണ്ട് ഷഹീറും സംഘവും കടയിലേക്ക് എത്തി പെൺകുട്ടികളുടെ പിന്നിലിരുന്നു. തുടർന്ന് നാലംഗ സംഘം മോശമായി സംസാരിക്കാൻ തുടങ്ങി. ഇത് കേട്ട പെൺകുട്ടികൾ പുറത്തിറങ്ങി. പ്രതികളും പുറത്തിറങ്ങി വാഹനത്തിൽ ഇവരെ പിന്തുടർന്നു. ഇതിനിടെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും വാഹനത്തിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാർ സംഘടിച്ചതോടെ നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചതും ഒടുവിൽ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതും.

