ഷകാരി റിച്ചാര്‍ഡ്‌സണ്‍
വേഗറാണി
ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡ് പ്രകടനവുമായി അമേരിക്കയുടെ ഷ’കാരി റിച്ചാര്‍ഡ്‌സണ്‍ സ്വര്‍ണമണിഞ്ഞു. 10.65 സെക്കന്‍ഡിലാണ് ഷകാരി കുതിച്ചത്. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ജമൈക്കയുടെ ഷെരിക ജാക്‌സണ്‍ വെള്ളി നേടിയപ്പോള്‍ ജമൈക്കയുടെ വെറ്ററന്‍ താരം ഷെല്ലി-ആന്‍ ഫ്രേസര്‍ പ്രൈസിനു വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 10.77 സെക്കന്റിലാണ് ഷെല്ലി ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ ഗ്രാന്റ് ഹോളോവെയ്ക്കാണ് സ്വര്‍ണം. 12.96 സെക്കന്‍ഡിലാണ് ഹോളോവെ ഫിനിഷ് ചെയ്തത്. ജമൈക്കയുടെ പാര്‍ച്‌മെന്റ് വെള്ളിയും അമേരിക്കയുടെ തന്നെ ഡാനിയേല്‍ റോബര്‍ട്‌സ് വെങ്കലവും നേടി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ 17.64 മീറ്റര്‍ ദൂരം കണ്ടെത്തി ബുര്‍കിനോ ഫാസോയുടെ ഹൂഗസ് ഫാബ്രീസ് സാങ്കോ സ്വര്‍ണമണിഞ്ഞു. 17.41 മീറ്റര്‍ ചാടിയ ക്യൂബയുടെ ലസാരോ മാര്‍ട്ടിനസ് വെള്ളിയും 17.40 മീറ്റര്‍ ചാടിയ ക്യൂബയുടെ തന്നെ ക്രിസ്റ്റിയന്‍ നപോളസ് വെങ്കലവും നേടി.
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോഡുമായി സ്വീഡന്റെ ഡാനിയേല്‍ സ്റ്റാല്‍ സ്വര്‍ണം നേടി. 71.46 മീറ്റര്‍ ആണ് ഡിസ്‌കസ് പറന്നത്. 70.02 മീറ്റര്‍ എറിഞ്ഞ സ്ലൊവേനിയയുടെ ക്രിസ്റ്റിയന്‍ സെ വെള്ളി നേടിയപ്പോള്‍ 68.85 മീറ്റര്‍ കണ്ടെത്തിയ ലുത്വാനിയയുടെ മിക്കോലസ് വെങ്കലം നേടി.