ന്യൂഡല്‍ഹി: ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തി വീണ്ടും ചൈനീസ് നാവികസേനാ കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. ചൈനീസ് നിരീക്ഷണ കപ്പലാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബോയില്‍ എത്തിയത്. ഇന്ത്യയുടെ എതിര്‍പ്പ് തള്ളിയാണ് കപ്പലിന് അനുമതി നല്‍കിയതെന്ന് ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ നാളെ മടങ്ങുമെന്ന് ലങ്കന്‍ നാവികസേന അറിയിച്ചു.
ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള ചൈനീസ് ചാരകപ്പല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തുറമുഖത്ത് നങ്കൂരമിട്ടത് വിവാദമായിരുന്നു. ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ആണ് അന്ന് ലങ്കന്‍ തീരത്തെത്തിയത്. ഹംമ്പന്‍തോട്ട തുറമുഖത്തിലാണ് കപ്പല്‍ നങ്കൂരമിട്ടത്. അന്നും ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ് അന്ന് ചാരകപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക് അടുത്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈല്‍, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്‌നലുകള്‍ കപ്പലിന് ചോര്‍ത്താനാകുമെന്നതായിരുന്നു ഇന്ത്യയുടെ അന്നത്തെ ആശങ്കയ്ക്ക് കാരണം. അന്ന് ഇന്ധനം നിറയ്ക്കാനെന്ന കാരണം പറഞ്ഞാണ് കപ്പല്‍ ലങ്കന്‍ തീരത്ത് അടുപ്പിച്ചത്.
ചൈനീസ് യുദ്ധക്കപ്പല്‍ ലങ്കന്‍തീരത്ത്;ആശങ്കയോടെ ഇന്ത്യ
