സംസ്ഥാനത്ത് കനത്ത മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ കേരളത്തില്‍ ശക്തമായി മഴ പെയ്യുന്നു. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ കനത്ത മഴയാണുള്ളത്. അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 30 സെന്റീ മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് അറിയിപ്പുണ്ട്. മറ്റു അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

കൊച്ചി നഗരത്തില്‍ മഴ രൂക്ഷമായി. ചൊവ്വാഴ്ച രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ താഴ്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പനമ്പിള്ളിനഗറും എം ജി റോഡും വെള്ളത്തിലടിയിലായി. ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലും ഉദയ കോളനി, കമ്മട്ടിപ്പാടം, പി ആന്റ് ടി കോളനി എന്നിവിടങ്ങളിലും വെള്ളം കയറി. തൃപ്പൂണിത്തുറ നഗരത്തിലും വെള്ളക്കെട്ടാണ്. രവിപുരം മുതല്‍ പള്ളിമുക്കു വരെയുള്ള ഭാഗത്ത് റോഡുകള്‍ വെള്ളത്തിലായി. ചെല്ലാനത്ത് മഴയ്ക്ക് മുമ്പെ തുടങ്ങിയ കടലാക്രമണം രൂക്ഷമായി തുടങ്ങി.

കോട്ടയം ജില്ലകളിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ പത്തു മണിക്കൂറായി കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് കോട്ടയം ചുങ്കം കവലയിലിരുന്ന വലിയ മരം കടപുഴങ്ങി വീണു. കനത്ത മഴയെ തുടർന്ന് ഇന്ന് കോട്ടയം ആർപ്പൂക്കരയിൽ മണ്ണിടിച്ചിലുണ്ടായി. കോട്ടയം റെയിൽവേ പാതയിലെ ഒന്നാം തുരങ്കത്തിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പെയ്യുന്നുണ്ട്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കനത്ത കാറ്റിനും കടല്‍ പ്രക്ഷുബ്ധതയ്ക്കും സാധ്യതയുണ്ട്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. 48 മണിക്കൂർ കൂടി കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →