ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചപ്പോഴായിരുന്നു എകെ ആന്റണി എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ അടുത്തായി എത്തിയ എകെ ആന്റണി ഏറെ നേരം അദ്ദേഹത്തെ നോക്കിനിന്ന ശേഷം അടുത്തു നിന്ന മകന് ചാണ്ടിയെ കെട്ടിപിടിച്ച് പൊട്ടിക്കരയുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തെത്തിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ പ്രിയനേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ എത്തിച്ചേർന്നത്.
അവിടെ നിന്നും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ 7 മണിയോടെ പൊതു ദർശനം തുടങ്ങി. ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലികൾ അർപ്പിക്കാനായി എത്തിചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും പൊതുദർശനമുണ്ടാവും.
ബുധനാഴ്ച വിലാപയാത്രയായി മൃതദേഹം തിരുവനന്തപുരത്തു നിന്നു കോട്ടയത്തേയ്ക്ക് കൊണ്ടുപോവും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്ക്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരച്ചടങ്ങുകൾ.

