തൃശൂർ: ഒല്ലൂരിലെ കടയിൽ അനധിക്യതമായി സൂക്ഷിച്ച 90 കിലോ മാംസം കോർപ്പറേഷൻ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. യുണീക്ക് സീഫുഡ് മാർട്ട് എന്ന മൊത്തക്കച്ചവട സ്ഥാപനത്തിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആട്ടിറച്ചിയും ബീഫും കോഴിയിറച്ചിയും കണ്ടെടുത്തത്. മധുരയിൽ നിന്ന് ശീതികരണ സംവിധാനമില്ലാതെ ട്രെയിൻ മാർഗം എത്തിച്ചതാണ് ഇറച്ചി. തൃശൂരിന്റെ പടിഞ്ഞാറൻ മേഖലയിലെ ഹോട്ടലുകളിലേക്ക് വിതരണത്തിന് കൊണ്ടുവന്നതാണെന്നാണ് കടയുടമയുടെ മൊഴി. മതിയായ രേഖകൾ ഇല്ലാത്തതിനാൽ കട അടച്ച് സീൽ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രെയിനിൽ എത്തിക്കുന്ന മാംസം മൊത്തവിതരണം നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പിടിച്ചെടുത്ത മാംസത്തിൽ പലയിനം മാംസങ്ങൾ കൂട്ടിക്കലർത്തിയിരുന്നതായും കണ്ടെത്തി. കടയുടെ മുന്നിലെ ഷട്ടർ തുറക്കുകയോ പൊതുജനങ്ങൾക്ക് വിൽപന നടത്തുകയോ ചെയ്തിരുന്നില്ല. എന്നാൽ നിരന്തരം വാഹനങ്ങളിൽ മാംസം കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേത്തുടർന്ന് സ്ഥാപനത്തെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. നാട്ടുകാർ വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥർ മണിക്കൂറുകൾ വൈകിയാണെത്തിയത്. ഇതിനിടയിൽ കൂടുതൽ മാംസം കടയിൽനിന്നും മാറ്റിയിരിക്കാനിടയുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടറുടെയും പരിശോധനയിൽ മാംസം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേർപ്പറേഷൻ മാംസം സംസ്കരിക്കാൻ കൊണ്ടുപോയി. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ആർ. ഹേമന്ത്, ജൂനിയർ ഇൻസ്പെക്ടർമാരായ എ. നിസാർ, സ്വപ്ന, ക്ലീൻ സിറ്റി മാനേജർ പി.എസ്. സന്തോഷ്കുമാർ, കോർപ്പറേഷൻ വെറ്ററിനറി ഡോക്ടർ വീണാ കെ.അനിരുദ്ധൻ, ഒല്ലൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥ ആർ. രേഷ്മ, തൃശൂർ സർക്കിൾ ഓഫീസർ ഡോ. രേഖ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്

