പ്രിയപ്പെട്ട അച്ഛാ – മോള് പോവാണ്, അമ്മ കാത്തിരിക്കുന്നു

ഞാൻ നക്ഷത്ര മോൾ. അച്ഛന്റ പൊന്നു മോൾ. ഈ മോൾക്ക് ജന്മം തന്ന അച്ഛൻ തന്നെ മോളുടെ ജീവനെടുത്ത് എന്റെ അമ്മയുടെ അരികിലേക്ക് പറഞ്ഞു വിടുകയാണല്ലേ?
എന്നെ താലോലിച്ച താരാട്ട് പാടിയ പിച്ചവെച്ച് നടക്കാൻ പഠിപ്പിച്ച ആ കൈകൾ കൊണ്ട് എന്റെ ജീവനെടുക്കുമ്പോൾ അച്ഛന് എന്റെ മുഖത്തേക്കൊന്ന് നോക്കാമായിരുന്നില്ലേ? മോളെ വേദനിപ്പിക്കല്ലേ എന്ന് കരഞ്ഞു പറഞ്ഞിട്ടും അച്ഛൻ അത് കേട്ടില്ലല്ലോ?

ഞാൻ ജനിച്ചപ്പോൾ എന്നെ ആദ്യമായ് ഏറ്റുവാങ്ങിയ എന്റെ അച്ഛൻ, എന്നെ ആദ്യമായി ഉമ്മ വെച്ച എന്റ അച്ഛൻ, എന്നെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ സ്നേഹിച്ചത് ലഹരിയെ ആണെന്ന് ഈ മോൾക്ക് അറിയാതെ പോയല്ലോ? കോടാലി കൊണ്ട് വെട്ടിമുറിക്കുമ്പോൾ ഈ മോൾക്ക് എന്തോരം വേദനിച്ചൂന്നറിയോ? ചോര കണ്ടപ്പോൾ നല്ല പേടിയും തോന്നി.

എന്റെ കൂട്ടുക്കാരോടൊപ്പം ഓടിച്ചാടി കളിക്കാനും , കൊഞ്ചി പറഞ്ഞ് അച്ഛന്റെ കൈപിടിച്ച് നടക്കാനും സ്ക്കൂളിൽ പോവാനുമൊക്കെ മോൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ ഇനി അച്ഛന്റെ മോൾക്ക് അതിനൊന്നും പറ്റില്ലല്ലോ?

അമ്മ പോവുമ്പോൾ എന്നെ നോക്കാൻ അച്ഛനെയല്ലേ ഏല്പിച്ചത് ? എന്തിനായിരുന്നു അച്ഛാ ഇങ്ങിനെ ചെയ്തത് ? മോളെ നോക്കാൻ അച്ഛന് കഴിയാത്തത് കൊണ്ടായിരുന്നോ? അങ്ങിനെയെങ്കിൽ അമ്മയുടെ വീട്ടിലേക്ക് പറഞ്ഞു വിടാമായിരുന്നില്ലേ? അല്ലെങ്കിൽ ഇത്രയും വേദനിപ്പിക്കാതെ കൊല്ലാമായിരുന്നില്ലേ ?

എങ്കിലും എന്റെ അമ്മയുടെ അടുത്തേക്കാണല്ലോ ഞാൻ പോവുന്നത് എന്ന സന്തോഷമുണ്ടെനിക്ക്. ഇനിയൊരിക്കലും ഞാൻ അച്ഛന് ഒരു ശല്യമാവാൻ വരില്ല.
എന്ന് വെച്ച് അച്ഛനോട് മോൾക്ക് ഒരു പിണക്കവുമില്ലാട്ടോ. എനിക്കറിയാം ലഹരിയുടെ പിടിയിൽ നിന്ന് അച്ഛൻ എന്നെങ്കിലും തിരിച്ച് സ്വയം ബോധത്തിലേക്ക് വരികയാണെങ്കിൽ എന്റെ അച്ഛന് ഈ നക്ഷത്ര മോളെ കാണമെന്ന് തോന്നിയേക്കാം. അങ്ങിനെ എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ നിലാവുള്ള രാത്രികളിൽ അച്ഛൻ ആകാശത്തിലേക്ക് നോക്കിയാൽ മതി. അവിടെ ഒരു കുഞ്ഞുനക്ഷത്രമായി ഈ നക്ഷത്ര മോൾ ഉണ്ടാവും.

ഭൂമിയിലെ എല്ലാ അച്ഛൻമാരോടും ഈ നക്ഷത്രമോൾക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങൾ ഒരിക്കലും എന്റെ അച്ഛനെ പോലെ ആവരുത്. നിങ്ങളുടെ മക്കളെ മറന്ന് കുടുംബത്തെ മറന്ന് ലഹരിയെ സ്നേഹിക്കരുത്. എനിക്കുണ്ടായ അനുഭവം ഇനി ഈ ഭൂമിയിൽ മറ്റൊരു കുട്ടിക്കും ഉണ്ടാവരുത്. എന്നെയും എന്റെ അമ്മയെയും മാത്രമല്ല, ഞങ്ങളുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കിയത് മാരകമായ ലഹരിയാണ് എന്ന് ഓർമ്മിപ്പിച്ച് കൊണ്ട് നക്ഷത്ര മോൾ ഈ ലോകത്ത് നിന്ന് മടങ്ങുകയാണ്. അവിടെ മറ്റൊരു ലോകത്ത് എന്റെ അമ്മ എന്നെ കാത്തിരിക്കുന്നു.

Share

About നസീറ ബക്കർ

View all posts by നസീറ ബക്കർ →