തൃശൂർ കുട്ടനല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 11 കോടിയോളം രൂപ ചെലവിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 13 ലക്ഷം കുട്ടികൾ പഠിക്കുന്ന കേരളത്തിൽ അവർക്ക് ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ, പുതിയ കോഴ്സുകൾ തുടങ്ങിയ പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്ന് മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റിസർച് ആൻഡ് പിജി ബ്ലോക്ക്, കാന്റീൻ ബ്ലോക്ക്, ലേഡീസ് ഹോസ്റ്റലിന്റെ അനക്സ്, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമിനിറ്റി സെന്റർ, അംഗപരിമിതർക്കുള്ള ശൗചാലയം എന്നിവയുടെ ഉദ്ഘാടനം ആണ് നിർവഹിച്ചത്.

നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹം ആക്കി മാറ്റിയെടുക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി കൂട്ടി പറഞ്ഞു. ആഗോള നിലവാരമുള്ള ഭൗതിക സാഹചര്യങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം മുൻനിർത്തിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത്. ഏറ്റവും മികച്ച ക്ലാസ്സ് റൂം, ലാബോറട്ടറി സംവിധാനം,ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കണമെന്നതാണ് കാഴ്ചപ്പാട് എന്നും മന്ത്രി പറഞ്ഞു.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താൻ സഹായകമായിട്ടുള്ള ലൈബ്രറി വികസന പദ്ധതികൾ സംസ്ഥാനത്ത് എല്ലായിടത്തും നടപ്പിലാക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള 133 സ്കിൽ കോഴ്സുകൾ നൽകി വരികയാണ്. കുട്ടികളുടെ സംരംഭകത്വം താൽപര്യം പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊഴിൽ അന്വേഷകരല്ലാതെ തൊഴിൽദായകരായും തൊഴിൽ സൃഷ്ടാക്കളായും വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ കുതിച്ചുചാട്ടങ്ങൾ കൂടി ക്യാമ്പസുകളിലേക്ക് കടന്നുവരണം എന്ന കാഴ്ചപ്പാടോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ പരിഷ്കരണങ്ങൾ കടന്നുവരികയാണ്. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ അർത്ഥപൂർണ്ണമായ വിധത്തിൽ ഇടപെടാൻ കഴിയുന്ന കേന്ദ്രങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഉദ്ദേശം.

വിശപ്പ് രഹിത ക്യാമ്പസ് പോലെ സാമൂഹ്യനീതി ഉറപ്പാക്കുന്ന എല്ലാ കുട്ടികൾക്കും നല്ല സ്വസ്ഥമായ രീതിയിൽ പഠിക്കാൻ അവസരമുള്ള സമഭാവനയുടെ സർവ്വകലാശാലകൾ സൃഷ്ടിക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അവകാശ പ്രഖ്യാപന രേഖ പ്രസിദ്ധീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിന് ഏറ്റവും വിദ്യാർഥി സൗഹൃദമായ വിധത്തിൽ അവരുടെ ജീവിതത്തിലെ ഏറ്റവും സർഗാത്മകമായ കാലത്ത് കുട്ടികളുടെ എല്ലാ ആശയങ്ങൾക്കും എല്ലാതലത്തിലും കൂടെ സർക്കാർ ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു.

കേരള സർക്കാരിന്റെ ‘കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച റിസർച്ച് ആൻഡ് പി.ജി ബ്ലോക്ക് (6.2കോടി രൂപ), കാന്റീൻ ബ്ലോക്ക് (1.40 കോടി രൂപ), ലേഡീസ് ഹോസ്റ്റലിന്റെ അനക്സ് (2.93 കോടി രൂപ), തൃശ്ശൂർ മുൻ എം.എൽ.എ അഡ്വ. വി എസ് സുനിൽകുമാർ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമിനിറ്റി സെന്റർ (25 ലക്ഷം രൂപ), അംഗപരിമിതർക്കുള്ള ശൗചാലയം (10 ലക്ഷം രൂപ) എന്നീ കെട്ടിട സമുച്ചയങ്ങളാണ് കുട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചത്.

ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. എ കെ സുരേഷ്, വി ആർ സുനിൽകുമാർ, ശ്യാമള വേണുഗോപാൽ, ജോസ് പൊന്തോക്കൻ, കിരൺ കെ കെ, റിൻസി ഡിപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →