തൃശൂർ: തൃശൂരില്‍ വാദ്യകലാകാരന്മാരെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് മലയാളികളുടെ പ്രിയ നടൻ സുരേഷ്ഗോപി വാദ്യ കലാകാരന്മാര്‍ക്ക് സംഘടന രൂപീകരിക്കാന്‍ തന്റെ മകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റിയില്‍ നിന്നും 10 ലക്ഷം രൂപ അനുവദിക്കുന്നുവെന്നും പത്ത് സിനിമകളില്‍ നിന്നും ലഭിക്കുന്ന ഒരു കോടി രൂപ സംഘടനയ്‌ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങിനെ –
‘കൊറോണ സമയത്ത് പലരുടെയും അന്നം മുട്ടി പോയിരുന്നു. ആ സമയം ഒരുപാട് ജനങ്ങളെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. സിഎസ്‌ആര്‍ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. പലരും ഹൃദയം കൊണ്ട് സഹായിക്കാന്‍ രംഗത്തു വന്നു. തൃശൂര്‍ പൂരം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഭാരതീയര്‍ മാത്രമല്ല, പാശ്ചാത്ത്യരും പൂരം ഇഷ്ടപ്പെടുന്നു. അതിന് മേളക്കൊഴുപ്പ് നല്‍കുന്ന ഒരു പ്രൌഢിയുണ്ട്. അത് നല്‍കുന്ന വാദ്യകലാകാരന്മാരെ ശ്രദ്ധിക്കാന്‍ ഇവിടെ ആരും ഇല്ല. നമുക്ക് ആവേശം നല്‍ക്കുന്ന അവര്‍ക്ക് ശ്രവണം നഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ക്ക് നാം കൈത്താങ്ങ് ആകണം. മിമിക്രി കലാകാരന്മാരോടും വാദ്യ മേളക്കാരോടും ചര്‍ച്ച നടത്തിയിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’ വിദേശത്ത് നടത്തുന്ന പരിപാടികളില്‍ ലഭിക്കുന്ന തുകയില്‍ നിന്നും ഒരു വിഹിതം വാദ്യ കലാകാരന്മാര്‍ക്ക് നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’.

