ഏറ്റുമാനൂർ: ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ സ്കൂൾ മുറ്റത്തു കൂടി ഓടിനടന്ന കുട്ടിയെ പി.എം.സോളമ്മ എന്ന ‘സോളി ടീച്ചർ’ കയ്യോടെ പൊക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. ടീച്ചർ കുഞ്ഞിനെ മാവിൻചുവട്ടിലെ പടിയിൽ കയറ്റിനിർത്തി കാക്കയെയും പൂച്ചയെയും കാണിച്ച് വിദ്യാർഥിനിയെ ഊട്ടിത്തുടങ്ങി. അതിരമ്പുഴ കാട്ടാത്തി ഗവ. ആർഎസ്ഡബ്ല്യു എൽപി സ്കൂൾ എൽകെജി വിഭാഗത്തിലെ സോളി ടീച്ചറുണ്ടെങ്കിൽ കഴിക്കാത്ത ഏതു കുഞ്ഞിനെയും സ്നേഹം കൂട്ടിക്കലർത്തി ഊട്ടും. സ്കൂളിലെത്തിയ എൽകെജിക്കാരി ചോറുണ്ണാൻ മടികാട്ടി പിണങ്ങി നടന്നാൽ വേറെ എന്തുചെയ്യും?
ഇടയ്ക്ക് കുഞ്ഞിന്റെ ഓരോ ചോദ്യത്തിനും ക്ഷമയോടെ ഉത്തരം പറഞ്ഞു. കുട്ടി കഴിച്ചു കഴിയുവോളം കഥപറച്ചിൽ തുടർന്നു. കൊണ്ടുവന്ന മുഴുവൻ ഭക്ഷണവും കഴിപ്പിച്ച് കുടിക്കാൻ വെള്ളവും നൽകിയാണു ടീച്ചർ കുഞ്ഞിനെ നിലത്തിറക്കിയത്. സ്കൂളിലെത്തിയ മറ്റൊരു കുട്ടിയുടെ മാതാവ് ഈ സ്നേഹനിമിഷങ്ങൾ മൊബൈലിൽ പകർത്തി. ‘ഒരു ടീച്ചറമ്മയുടെ സ്നേഹം’ എന്ന തലക്കെട്ടോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.