പാറമ്പുഴയിലെ പുതിയ ഫോറസ്റ്റ് സ്‌റ്റേഷൻ സമുച്ചയം ഉദ്ഘാടനം മാർച്ച് 24ന്

കോട്ടയം: വനം-വന്യജീവി വകുപ്പിന്റെ കോട്ടയം പാറമ്പുഴയിലെ ഫോറസ്റ്റ് സ്‌റ്റേഷൻ മന്ദിരസമുച്ചയം മാർച്ച് 24ന് വൈകിട്ടു നാലുമണിക്ക് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ വനമിത്ര ജേതാവിനുള്ള പുരസ്‌കാരവിതരണം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനംവകുപ്പ് മേധാവിയുമായ ബെന്നിച്ചൻ തോമസ് ആമുഖപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ് റിപ്പോർട്ട് അവതരിപ്പിക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, പ്രിൻസിപ്പൽ  ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഗംഗാസിങ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ്, ഇ. പ്രദീപ്കുമാർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ആർ.എസ്. അരുൺ, പി.പി. പ്രമോദ്, വനം വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ, ഫോറസ്റ്റ് കൺസർവേറ്റർ നീതുലക്ഷ്മി, കോട്ടയം നഗരസഭാംഗം ദിവ്യ സുജിത്, നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, വി.ബി. ബിനു, നാട്ടകം സുരേഷ്, ബെന്നി മൈലാടൂർ, പ്രൊഫ. ലോപ്പസ്് മാത്യൂ, സജി മഞ്ഞക്കടമ്പിൽ, ലിജിൻ ലാൽ, ജോജോ ജോർജ് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.
പാറമ്പുഴ ആരണ്യഭവൻ ഫോറസ്റ്റ് കോമ്പൗട്ടിൽ മൂന്നുനിലകളിലായി നിർമിച്ചിട്ടുള്ള പുതിയ മന്ദിരത്തിൽ ഹൈറേഞ്ച് സർക്കിൾ ഓഫീസ്, വൈൽഡ് ലൈഫ് സർക്കിൾ ഓഫീസ് എന്നീ ഓഫീസുകളാണുള്ളത്. വീഡിയോ കോൺഫറൻസ് ഹാളും അണ്ടർഗ്രൗണ്ട് വാഹനപാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 8.32 കോടി രൂപ ചെലവിട്ടാണ് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 22604 ചതുരശ്ര അടിയുള്ള മന്ദിരം നിർമിച്ചത്. വനം വകുപ്പിന്റെ സുപ്രധാന മേഖലാ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഇവിടെ കാലവർഷക്കാലത്ത് മീനച്ചിലാർ കര കവിഞ്ഞ് ഒഴുകി ഫോറസ്റ്റ് കോമ്പണ്ട് വെളളത്തിലായി ഓഫീസ് പ്രവർത്തനം നിശ്ചലമാകുന്നത് പതിവായിരുന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് 2021ൽ പുതിയ മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →