ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി

പ്രയാഗ്‌രാജ് (യു.പി.): വിവാദമായ ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി. കേസിലെ പ്രതി മുഹമ്മദ് ഗുലാമിന്റെ വീടാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി (പി.ഡി.എ.) ഇടിച്ചുനിരത്തിയത്. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ ഉച്ചയോടെ പ്രയാഗ്‌രാജ് റസൂലാബാദിലെ മുഹമ്മദ് ഗുലാമിന്റെ വീട്ടിലെത്തിയ പി.ഡി.എ. സംഘം വീട്ടുകാരെ ഒഴിപ്പിച്ചശേഷം ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. കേസില്‍ യു.പി. പോലീസ് അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച അഞ്ചു പ്രതികളില്‍ ഒരാളാണ് മുഹമ്മദ് ഗുലാം. മുന്‍ എം.പിയും മാഫിയാ തലവനുമായ അതീക് അഹമ്മദിന്റെ മകന്‍ അസദ്, അര്‍മാന്‍, ഗുഡ്ഡു, സബിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കഴിഞ്ഞ 13 നാണ് പ്രതികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള ഇനാം 2.5 ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്. ബി.എസ്.പി. എം.എല്‍.എയായിരുന്ന രാജു പാല്‍ കൊലക്കേസിലെ ദൃക്‌സാക്ഷിയായിരുന്നു ഉമേഷ് പാല്‍.

ഫെബ്രുവരി 24 ന് പ്രയാഗ്‌രാജിലെ ധൂംഗഞ്ചിലാണ് ഉമേഷിനും ഗണ്‍മാന്‍ സന്ദീപ് നിഷാദിനുമെതിരേ ആക്രമണമുണ്ടായത്. കേസുമായി ബന്ധമുള്ള അര്‍ബാസ്, വിജയ് ചൗധിരി (ഉസ്മാന്‍) എന്നീ രണ്ടു പ്രതികള്‍ 27 നും മാര്‍ച്ച് ആറിനും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഒട്ടനവധി കേസുകളില്‍ പ്രതിയായ അതീക് അഹമ്മദ് ഗുജറാത്ത് ജയിലിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →