കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പാലാ അൽഫോൻസ കോളജിൽ സംഘടിപ്പിച്ച വനിതാദിന പരിപാടികൾ മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വനിതകളുടെ ആരോഗ്യമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് എം.എൽ. എ. പറഞ്ഞു. പൊതുസമ്മേളനത്തിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു.
ആരോഗ്യവകുപ്പിന്റെ വിവ കേരളം പരിപാടിയുടെ ഭാഗമായി കോളജിൽ സംഘടിപ്പിച്ച വിളർച്ച പരിശോധന ക്യാമ്പിൽ 503 പെൺകുട്ടികളുടെ ഹീമോഗ്ലോബിൻ നിലവാരം പരിശോധിച്ചു. വിളർച്ചാ പരിശോധനാ ക്യാമ്പ് സിനിമ നടി അഞ്ജു കൃഷ്ണ അശോക് ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾ പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കണമെന്നും പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അഞ്ജു കൃഷ്ണ പറഞ്ഞു. 15 വയസിനും 59 വയസിനും ഇടയിലുള്ള എല്ലാ വനിതകളും ഹീമോഗ്ലോബിൻ പരിശോധിച്ച് 12 ഗ്രാമിൽ കൂടുതൽ ഉണ്ടെന്നു ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു.
പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ കോളജ് എൻ.എസ്.എസ് വോളണ്ടിയർമാരായ 25 പെൺകുട്ടികൾ രക്തം ദാനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം ജിമ്മി ജോസഫ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റജീനാമ്മ ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഫാ. ഡോ. ഷാജി ജോൺ, ഷിബു തെക്കേമറ്റം, ഡോ.സിമിമോൾ സെബാസ്റ്റ്യൻ, സ്മിതാ ക്ളാരി ജോസഫ് എന്നിവർ പ്രസംഗിച്ചു.