തിഹാറില്‍ ഒറ്റമുറി സെല്ലില്‍ സിസോദിയ; അയല്‍ക്കാരില്‍ കൊടുംക്രിമിനലുകളും

ന്യൂഡല്‍ഹി: എക്സൈസ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നത് തിഹാര്‍ ജയിലിലെ ഒന്‍പതാം ജയിലില്‍ ഒറ്റമുറി സെല്ലില്‍. 51 വയസുകാരനായ മുന്‍ മന്ത്രിയെ നിലവില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സെല്ലിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം സി.സി.ടിവി ക്യാമറ നിരീക്ഷണത്തിലാണെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
ഭാവിയില്‍ അദ്ദേഹത്തിന്റെ മുറിയില്‍ മറ്റു തടവുകാര്‍ വരാന്‍ സാധ്യതയുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കൊടുംകുറ്റവാളികളില്‍ ചിലര്‍ സിസോദിയയുടെ അയല്‍വാസികളായി ഒന്‍പതാം വാര്‍ഡിലുണ്ട്.

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയെ റോസ് അവന്യൂ ജില്ലാ കോടതിയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മാര്‍ച്ച് 20 വരെയാണ് കസ്റ്റഡി കാലാവധി. സ്‌പെഷല്‍ ജഡ്ജ് എം.കെ. നാഗ്പാലിന് മുമ്പാകെയാണ് സിസോദിയയെ ഹാജരാക്കിയത്. നിലവില്‍ സി.ബി.ഐ. റിമാന്‍ഡ് ആവശ്യമില്ലെന്നും എന്നാല്‍ അടുത്ത 15 ദിവസത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ടാക്കാമെന്നും സി.ബി.ഐ. അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സി.ബി.ഐ. കസ്റ്റഡി അവസാനിച്ചതോടെയാണ് സിസോദിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയത്. സിസോദിയയുടെ ജാമ്യഹര്‍ജി ഈമാസം 10-ന് കോടതി പരിഗണിക്കും.

തിങ്കളാഴ്ച കോടതി നടപടികള്‍ക്കുശേഷം വിശദമായ മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷമാണ് സിസോദിയയെ ജയിലിലേക്കു കൊണ്ടു വന്നത്. ചപ്പാത്തി, ചോറ്, ഉരുളക്കിഴങ്ങ് ഗ്രീന്‍പീസ് കറിയുമടങ്ങുന്ന അത്താഴമായിരുന്നു ആദ്യ ദിനം. സാധാരണ വിചാരണത്തടവുകാരെപ്പോലെ സ്വന്തം വസ്ത്രങ്ങള്‍ ധരിച്ചാണു മുന്‍മന്ത്രിയുടെ ജയില്‍ വാസം. അതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സിസോദിയയെ ജയിലില്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലുകള്‍ക്ക് വിധേയനാക്കുക വഴി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നു മനീഷ് സിസോദിയ കോടതിയില്‍ പറഞ്ഞിരുന്നു. സിസോദിയയുടെ ആവശ്യപ്രകാരം ഒരു ജോഡി കണ്ണടകളും ഡയറിയും പേനയും ഭഗവദ്ഗീതയും ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുവദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →