തിരുവനന്തപുരം: സാങ്കേതികപ്രശ്നം മൂലം റേഷന്‍ വിതരണം മുടങ്ങുന്നത് പരിഹരിക്കാന്‍ മഞ്ഞ, പിങ്ക്, നീല, വെള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിനായി പ്രത്യേക ദിവസങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി ജി.ആര്. അനില്‍. ഒരു മാസത്തില്‍ കുറഞ്ഞത് 20 ദിവസമെങ്കിലും കാര്‍ഡുടമകള്‍ക്ക് റേഷന്‍ വാങ്ങാന്‍ അവസരമുള്ളപ്പോഴും അവസാനത്തെ 4-5 ദിവസങ്ങളില്‍മാത്രമാണ് റേഷന്‍ വാങ്ങാന്‍ തിരക്ക്. കാര്‍ഡുടമകളുടെ ഈ രീതിയില്‍ മാറ്റംവരുത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കും. ഇ.ടി. ടൈസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സാങ്കേതിക സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ബില്ലെഴുതി റേഷന്‍ വിതരണം നടത്താമെങ്കിലും കേന്ദ്രം അത് അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനു കിട്ടേണ്ട ട്രാന്സ്പോര്ട്ടേഷന് കൂലി, കമ്മിഷന് തുക എന്നിവ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും.
യന്ത്രത്തിലെ തിരക്ക് കുറയ്ക്കാനായി റേഷന്‍ കടകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചുവെങ്കിലും എല്ലാവരും മാസം അവസാനത്തില്‍ മാത്രമേ റേഷന്‍ വാങ്ങാന്‍ എത്തുകയുള്ളുവെന്നതാണു പ്രശ്നം. സാങ്കേതിക തകരാറുകള്‍ക്കിടയിലും സംസ്ഥാനത്തെ കഴിഞ്ഞ 5 മാസത്തെ ശരാശരി റേഷന്‍ വിതരണതോത് 80 ശതമാനമാണ്. വെള്ളക്കാര്‍ഡുകാരില്‍ 30% പേര് റേഷന്‍ കൈപ്പറ്റുന്നില്ലെന്നും മന്ത്രി അറിയിച്ചു.

