മാവോയിസ്റ്റ് സംഘാംഗങ്ങളെ തിരിച്ചറിഞ്ഞു; ആറളം പോലീസ് സ്‌റ്റേഷന് സുരക്ഷ ഏര്‍പ്പെടുത്തി

ഇരിട്ടി: ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമില്‍ എത്തിയ സായുധ മാവോയിസ്റ്റ് സംഘത്തിലെ അഞ്ചുപേരെയും തിരിച്ചറിഞ്ഞതായി പോലീസ്. സി.പി. മൊയ്തീന്റെ നേതൃത്വത്തില്‍ കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ, ജിഷ, ജയണ്ണ, വയനാട് സ്വദേശി സോമന്‍ എന്നിവരടങ്ങിയ അഞ്ചംഗസംഘമാണ് ഇവിടെ എത്തിയതെന്ന് ആറളം എസ്.ഐ. ശ്രീജേഷ് പറഞ്ഞു. പോലീസ് സംഘം വനത്തില്‍ തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയില്‍ ഏഴരയോടെയാണ് സായുധരായ ഒരു സ്ത്രീ അടക്കമുള്ള അഞ്ചംഗസംഘം വിയറ്റ്‌നാമിലെ കോളനിയിലെ ഒരു വീട്ടില്‍ എത്തിയത്.
തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും പറഞ്ഞ സംഘം ഇവിടെ നിന്നു ഭക്ഷണം വാങ്ങികഴിക്കുകയും ഒന്നരമണിക്കൂറോളം ചെലവഴിക്കുകയും ചെയ്തു. അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ആവശ്യപ്പെടുകയും ഇവ വാങ്ങി തൊട്ടടുത്ത വീട്ടിലും കയറിയാണ് മടങ്ങിയതെന്നും വീട്ടുകാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ചതോടെ ആറളം പോലീസ് സ്‌റ്റേഷനു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വിയറ്റ്‌നാമിലെത്തിയ അഞ്ചംഗ സംഘത്തിനെതിരേ യു.എ.പി.എ, ആംസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →